ന്യൂഡൽഹി: കൺപോളകളെ ബാധിക്കുന്ന ട്രക്കോമ രോഗത്തെ രാജ്യത്തുനിന്നും തുടച്ചു നീക്കിയതിന് ഇന്ത്യക്ക് ലോകാരോഗ്യ സംഘടന (WHO)യുടെ അംഗീകാരം. അന്ധതയ്ക്കുവരെ കാരാണമായേക്കാവുന്ന പകര്‍ച്ചവ്യാധിയും ഗുരുതരമായ ബാക്ടീരിയ അണുബാധയുമാണ് ട്രക്കോമ. ശക്തമായ ഭരണനേതൃത്വമാണ് ഇന്ത്യയുടെ ഈ നേട്ടത്തിനുപിന്നിലെന്ന് WHO സൗത്ത് ഈസ്റ്റ് ഏഷ്യയുടെ റീജണൽ ഡയറക്ടർ സൈമ വസേദ് പറഞ്ഞു.
‘ഒരു സുപ്രധാന നാഴികക്കല്ല്, ഇത് നേത്രാരോഗ്യം, രോഗ പ്രതിരോധം, സാര്‍വത്രിക ആരോഗ്യ പരിരക്ഷ എന്നിവയിലുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു’, ആരോഗ്യ മന്ത്രാലയം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ 77-ാമത് റീജണല്‍ കോണ്‍ഫറന്‍സില്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പ്രതിനിധി ആരാധന പട്‌നായിക്ക് പുരസ്‌കാരം ഏറ്റുവാങ്ങി.
Also Read: ലോകം അവസാനത്തിലേക്കോ…
2030 ഓടെ 20 രോഗങ്ങളും രോഗഗ്രൂപ്പുകളും നിയന്ത്രിക്കാനും ഉൻമൂലനം ചെയ്യാനും ലക്ഷ്യമിടുന്ന ലോകാരോഗ്യ സംഘടനയുടെ 2021-2030 ട്രോപ്പിക്കൽ ഡിസീസ് റോഡ്മാപ്പിന്റെ ഭാഗമാണ് ട്രക്കോമ നിർമ്മാർജനം. കുട്ടികളിലെ സാംക്രമിക ട്രക്കോമയിൽ നിന്നും മുതിർന്നവരിൽ കണ്ടുവരുന്ന ട്രക്കോമ രോഗത്തിൽ നിന്നും രാജ്യം മുക്തമായെന്ന് കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്താണ് ട്രക്കോമ..?
ചികിത്സിച്ചില്ലെങ്കില്‍ കഠിനമായ വേദനയ്ക്കും കോര്‍ണിയ തകരാറിനും ഒടുവില്‍ അന്ധതയ്ക്കും ട്രക്കോമ കാരണമാകും. ട്രക്കോമയില്‍ നിന്നുള്ള അന്ധത ചികിത്സിച്ചു ഭേദപ്പെടുത്താനാകില്ല. രോഗം ബാധിച്ച വ്യക്തികളില്‍നിന്ന് കണ്ണ്, തൊണ്ട, മൂക്ക് എന്നിവയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ സ്രവങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഈച്ചകളിലൂടെയോ ഈ രോഗം പടരും. കണ്ണുകളിലും കണ്‍പോളകളിലുമുണ്ടാകുന്ന ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളമൊഴുകുക, പ്രകാശത്തോടുള്ള സംവേദനക്ഷമത എന്നിവയെല്ലാമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.