അമേരിക്കയിൽ ഉപരിപഠനം നടത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ മുന്നിൽ. 2023-24 വർഷത്തിൽ ഇന്ത്യയിൽ 3,31,602 വിദ്യാർഥികളാണ് അമേരിക്കയിൽ പഠിക്കാനെത്തിയത്. ചൈനയെ മറികടന്നാണ് ഈ മുന്നേറ്റം. ചൈനയിൽനിന്ന് 2,77,398 വിദ്യാർഥികളാണ് ഈ വർഷം എത്തിയത്. 2009-നുശേഷം ആദ്യമായാണ് വിദേശവിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമതെത്തുന്നത്.
അമേരിക്കയിലെ വിദേശ വിദ്യാർഥികളുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ഓപ്പൺ ഡോഴ്സ് റിപ്പോർട്ട് പ്രകാരം 2022-23 വർഷം ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 2,68,923 ആയിരുന്നു. ഇപ്പോൾ 23 ശതമാനം വർധനയുണ്ടെന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇതേസമയം, ചൈനയിൽനിന്നുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ നാല് ശതമാനത്തിന്റെ കുറവുണ്ടായി.
2022-23 വർഷം 2,89,526 ചൈനീസ് വിദ്യാർഥികൾ അമേരിക്കയിൽ പഠിക്കാനെത്തിയ സ്ഥാനത്ത് 2,77,398 ആയി കുറയുകയായിരുന്നു. അമേരിക്കയിലെ ആകെ വിദേശ വിദ്യാർഥികളിൽ (11.27 ലക്ഷം) 29 ശതമാനത്തിലേറെ ഇന്ത്യക്കാരാണ്.