ഡല്‍ഹി: ഖലിസ്താന്‍ വിഘടനവാദിനേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ മൂന്ന് ഇന്ത്യന്‍പൗരന്മാരെ അറസ്റ്റുചെയ്ത നടപടിയില്‍ കാനഡക്ക് മറുപടിയുമായി ഇന്ത്യ. സംഭവത്തില്‍ രാഷ്ട്രീയതാത്പര്യങ്ങളുണ്ടെന്നും കാനഡ വിഘടവാദികള്‍ക്കും തീവ്രവാദികള്‍ക്കും രാഷ്ട്രീയ ഇടം നല്‍കുന്നുവെന്നും ഇന്ത്യ വിമര്‍ശിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ അറസ്റ്റിനെക്കുറിച്ച് അറിയിച്ചുവെന്നും എന്നാലത് നയതന്ത്രതലത്തിലല്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധിര്‍ ജയ്സ്വാള്‍ ചോദ്യത്തിന് മറുപടി നല്‍കി.
നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രസക്തമായ തെളിവോ വിവരമോ കാനഡ ഇതുവരെ കൈമാറിയിട്ടില്ല. സംഭവത്തില്‍ കാനഡ മുന്‍വിധിയോടെയാണ് പെരുമാറുന്നത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുനേരെ ഭീഷണിയുണ്ടാവുകയും ഉത്തരവാദിത്വം നിറവേറ്റുന്നതില്‍നിന്ന് അവരെ തടയുകയും ചെയ്യുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് കാനഡയില്‍ പ്രവേശനവും താമസവും അനുവദിക്കുന്നു. ഇത്തരക്കാരെ കൈമാറാനുള്ള പല അഭ്യര്‍ഥനകളും നിരസിക്കപ്പെട്ടു. ഇക്കാര്യങ്ങളിലെല്ലാം നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.
നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിങ്, കരണ്‍പ്രീത് സിങ് എന്നിവരെയാണ് കാനഡ പോലീസ് അറസ്റ്റുചെയ്തത്. നിജ്ജറിനെ കൊലപ്പെടുത്തിയ വാടകക്കൊലയാളി സംഘത്തിലെ അംഗങ്ങളാണിവരെന്നായിരുന്നു കാനഡയുടെ അവകാശവാദം.
പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച ഖലിസ്താന്‍ ഭീകരനാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ (45). നിജ്ജാറിന്റെ തലയ്ക്ക് ഇന്ത്യ 10 ലക്ഷം രൂപ വിലയിട്ടിരുന്നു. 2023 ജൂണ്‍ 18-നാണ് കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സുറേയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച് നിജ്ജര്‍ കൊല്ലപ്പെടുന്നത്.