ന്യൂയോർക്: ഐക്യരാഷ്ട്ര സംഘടനയിലെ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്തു പകർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വിന്റെ വാക്കുകൾ. യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവേ വ്യാഴാഴ്ചയാണ് മക്രോ തന്റെ ആവശ്യം മുന്നോട്ടു വച്ചത്. നേരത്തെ സുരക്ഷാ കൗൺസിലിലെ ചൈനയൊഴികെയുള്ള സ്ഥിരാംഗങ്ങളായ രാജ്യങ്ങൾ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. ഇതിനു പിന്നാലെയാണു ഇപ്പോൾ ഫ്രാൻസും ഇന്ത്യക്ക് അനുകൂലമായ തീരുമാനമെടുത്തിരിക്കുന്നത്.
യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ–ഹമാസ് യുദ്ധം, ഇസ്രയേൽ–ഹിസ്ബുള്ള യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിലാണ് നിലവിൽ ഫ്രാൻസിന്റെ ആവശ്യം. ഇന്ത്യക്ക് പുറമേ ജർമനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കും സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നൽകണമെന്ന് ഇമ്മാനുവൽ മക്രോ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ട്രംപിനെ വധിക്കാൻ ഇറാൻ; ലക്ഷ്യം അമേരിക്കയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കൽ
യുഎൻ പൊതുസഭയിൽ ഇന്ത്യയുടെ സംഭാവനകൾ അനിർവ്വചനീയം
യുഎൻ , നിലവിലെ രാജ്യാന്തര പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിൽ വലിയ വെല്ലുവിളിയാണ് ഇപ്പോൾ നേരിടുന്നതെന്നും ഈ ഘട്ടത്തിൽ സുരക്ഷാ സമിതിയുടെ ഫലപ്രാപ്തിയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനായി കൂടുതൽ അംഗങ്ങൾക്ക് സ്ഥിരാംഗത്വം നൽകുകയെന്ന പരിഷ്‌കാരമാണു ഇനി നടപ്പാക്കേണ്ടതെന്നും മക്രോ പറഞ്ഞു. നേരത്തെ യുഎൻ പൊതുസഭയിൽ ലോക സമാധാന പരിപാലനത്തിന് ഇന്ത്യയുടെ സുപ്രധാന സംഭാവനകളെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ എടുത്തു പറഞ്ഞിരുന്നു.
Also Read: യുഎസ് നഗരങ്ങൾ തകർക്കാൻ ശേഷി; പുതിയ മിസൈലുമായി ചൈന
അഞ്ച് സ്ഥിരാംഗങ്ങളുള്ള ഐക്യരാഷ്ട്ര സംഘടനയുടെ യുഎൻ സുരക്ഷാ സമിതിയിൽ, ചൈന ഒഴികെയുള്ള എല്ലാ സ്ഥിരാംഗങ്ങളും വിപുലീകരണത്തെ ഏതെങ്കിലും ഒരു വിധത്തിൽ പിന്തുണച്ചിട്ടുണ്ട്. 1950-51, 1967-68, 1972-73, 1977-78, 1984-85, 1991-92, 2011-12, 2021-22 കാലഘട്ടങ്ങളിൽ ഇന്ത്യയെ സുരക്ഷാസമിതിയില്‍ താൽക്കാലിക അംഗമായി ഉൾപ്പെടുത്തിയിരുന്നു.