സെഞ്ചുറിയന്‍: ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20 മത്സരം ഇന്ന് നടക്കും. സെഞ്ചുറിയനില്‍ രാത്രി എട്ടരയ്ക്കാണ് പോരാട്ടം. നാല് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മല്‍സരം വീതം ജയിച്ചു. ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം കളിയില്‍ മൂന്നു വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി.
കഴിഞ്ഞ മല്‍സരത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിര ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്. മലയാളി താരം സഞ്ജു സാംസന്റെ ബാറ്റിംഗ് വെടിക്കെട്ട് വീണ്ടും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ കളിയില്‍ സെഞ്ചുറി നേടിയ സഞ്ജു രണ്ടാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായിരുന്നു .സെഞ്ചുറിയനിലും പേസ് അനുകൂല പിച്ചാണ്. ബൗണ്‍സുണ്ടാകും. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കും. ടോസ് നേടുന്ന ടീം ബൗളിംഗ് എടുക്കാനാണ് സാധ്യത കൂടുതല്‍. സെന്റ് ജോര്‍ജ് പാര്‍ക്കിലേതിന് സമാനമായ പിച്ചാണ് സെഞ്ചൂറിയനിലും എന്നത് ഇന്ത്യന്‍ ബാറ്റിങ് നിരയെ ആശങ്കപ്പെടുത്തുന്നുണ്ട്.
Also Read: ആറാം നമ്പറില്‍ കളിക്കുന്ന പന്തിന് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കും; ആരോണ്‍ ഫിഞ്ച്
2009 മുതല്‍ ഇന്ത്യ ഈ വേദിയില്‍ ഒരു ടി 20 ഐ മാത്രമേ കളിച്ചിട്ടുള്ളൂ. 2018ല്‍ നടന്ന മല്‍സരത്തില്‍ ആറ് വിക്കറ്റിന് തോറ്റു. ഇവിടെ നടന്ന 14 മത്സരങ്ങളില്‍ എട്ട് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം വിജയിച്ചു. മൂന്നാം ടി20യില്‍ മഴ പെയ്യാനുള്ള സാധ്യത വളരെ കുറവാണ്. മഴയ്ക്ക് 20 ശതമാനം സാധ്യതയുണ്ടെങ്കിലും മത്സരം നടക്കുന്ന സമയത്ത് കാലാവസ്ഥ വരണ്ടതായിരിക്കും. താപനില 20 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായതിനാല്‍ ഒരു സുഖകരമായ ദിവസമായിരിക്കും.