CMDRF

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം
ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് നടക്കും. ഡേ നൈറ്റ് മത്സരമായതിനാല്‍ ഇന്ത്യൻ സമയം ഉച്ചക്ക് 2.30നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയില്‍ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാം.

ടി20 പരമ്പര തൂത്തുവാരിയെത്തുന്ന ഇന്ത്യക്കായി 2023ലെ ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായി ക്യാപ്റ്റൻ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന കുപ്പായത്തില്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. ടി20 ക്രിക്കറ്റില്‍ നിന്ന് ഇരുവരും വിരമിച്ചതിനാല്‍ ഏകദിനങ്ങളിലും ടെസ്റ്റുകളിലും മാത്രമെ ഇനി ഇരുവരെയും ആരാധകര്‍ക്ക് കാണാനാവു. ശ്രീലങ്കക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പര കഴിഞ്ഞാല്‍ അടുത്ത വര്‍ഷം മാത്രമെ ഇന്ത്യക്ക് ഏകദിന പരമ്പരയുള്ളു.

ടി20 പരമ്പരയില്‍ നിന്ന് വ്യത്യസ്തമായി ഏകദിന സ്പെഷലിസ്റ്റുകളെ ഉള്‍ക്കൊള്ളിച്ചാണ് ഇന്ത്യ ഇന്നിറങ്ങുക. രോഹിത്തിനും കോലിക്കുമൊപ്പം ഏകദിന ലോകകപ്പില്‍ കളിച്ച മധ്യനിര ബാറ്റര്‍മാരായ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഇന്ത്യൻ നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്. രാഹുല്‍ തന്നെയാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പറുമാകുക എന്നാണ് കരുതുന്നത്. രാഹുല്‍ കീപ്പറായാല്‍ റിഷഭ് പന്തിന് ഇന്ന് പ്ലേയിംഗ് ഇലവനില്‍ ഇടമുണ്ടാകില്ല.

രോഹിത്തും ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അടങ്ങുന്ന ബാറ്റിംഗ് നിരയില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ല. പാര്‍ട്ട് ടൈെം സ്പിന്നറായി കൂടി ഉപയോഗിക്കാമെന്നതിനാല്‍ ഫിനിഷറായി റിയാന്‍ പരാഗ് കളിച്ചേക്കും. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്സര്‍ പട്ടേല്‍ സ്പിന്‍ ഓള്‍ റൗണ്ടറായി ടീമിലെത്തുമ്പോള്‍ സ്പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ടീമിലെത്തും. പേസര്‍മാരായി മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവരായിരിക്കും പ്ലേയിംഗ് ഇലവനിലെത്തുക. രണ്ടാം ഏകദിനം ഓഗസ്റ്റ് നാലിനും മൂന്നാം ഏകദിനം ഏഴിനും പ്രേമദാസ സ്റ്റേഡിയത്തില്‍ തന്നെ നടക്കും.

Top