ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് കൂടുതൽ നികുതി പിരിക്കാൻ ഇന്ത്യ

കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട എല്ലാത്തരം വിവരങ്ങളും നൽകുന്നതിനായി സർക്കാർ പുതിയ ട്രേഡ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്

ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് കൂടുതൽ നികുതി പിരിക്കാൻ ഇന്ത്യ
ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് കൂടുതൽ നികുതി പിരിക്കാൻ ഇന്ത്യ

ഡൽഹി: ചൈനയിൽ നിന്നും വിയറ്റ്‌നാമിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ചില സ്റ്റീൽ ഉൽപന്നങ്ങൾക്ക് 12 ശതമാനം മുതൽ 30 ശതമാനം വരെ തീരുവ ചുമത്താൻ ഇന്ത്യ. ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് നടപടി.

ലോകത്തിലെ ഏറ്റവും വലിയ ഉരുക്ക് ഉത്പാദകരാണ് ചൈനയും വിയറ്റ്നാമും. ഇവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വെൽഡഡ് സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകൾക്കും ട്യൂബുകൾക്കും അടുത്ത അഞ്ച് വർഷത്തേക്ക് നികുതി ചുമത്തും. ഇത് സംബന്ധിച്ച ഉത്തരവ് ധനമന്ത്രാലയം പത്താം തിയതി പുറത്തിറക്കിയിട്ടുണ്ട്.

2020 ൽ ചൈനയുമായുള്ള ഏറ്റുമുട്ടൽ നടന്നതിന് ശേഷം ചൈനീസ് ഇറക്കുമതികൾ ഇന്ത്യ നിയന്ത്രിച്ചിരുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതികൾ ഇന്ത്യ പൂർണമായും നിരോധിച്ചിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൊവ്വാഴ്ച പറഞ്ഞു. എന്നാൽ ഏതൊക്കെ മേഖലകളിലാണ് നിയന്ത്രണം നിലനിൽക്കുന്നതെന്ന് ജയശങ്കർ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട എല്ലാത്തരം വിവരങ്ങളും നൽകുന്നതിനായി സർക്കാർ പുതിയ ട്രേഡ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഇത് വ്യാപാരത്തിലേക്ക് കടക്കുന്ന പുതിയ സംരംഭകരെയും ഒപ്പം നിലവിലുള്ള സംരംഭകരെയും സഹായിക്കും. എംഎസ്എംഇ മന്ത്രാലയം എക്സിം ബാങ്ക്, ടിസിഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ്, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ട്രേഡ് കണക്ട് ഇ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. കസ്റ്റംസ് തീരുവ, നിയമങ്ങൾ, തുടങ്ങി എല്ലാത്തരം സംശയങ്ങൾക്കുമുള്ള പരിഹാരമായിരിക്കും ഇത്.

Top