രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യ; ഐഎസ്ആർഒ യാത്രികന് പരിശീലനവുമായി നാസ

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യ; ഐഎസ്ആർഒ യാത്രികന് പരിശീലനവുമായി നാസ

ന്യൂഡല്‍ഹി: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യയുടെ ദൗത്യത്തെ സഹായിക്കാന്‍ യുഎസ് ബഹിരാകാശ ഏജന്‍സി നാസ ഇന്ത്യ-യുഎസ് സഹകരണത്തിന്റെ ഭാഗമായാണു നടപടി. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ഐഎസ്ആര്‍ഒ (ഇസ്റോ) യാത്രികനെ പരിശീലിപ്പിക്കാന്‍ ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായി നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു:

”കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍, മാനവികതയുടെ പ്രയോജനത്തിനായി, ക്രിട്ടിക്കല്‍ ആന്റ് എമര്‍ജിങ് ടെക്‌നോളജിയില്‍ യുഎസ്-ഇന്ത്യ സംരംഭം നാസ തുടരുകയാണ്. ബഹിരാകാശ സഹകരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രോയുടെ ബഹിരാകാശ യാത്രികനെ ബഹിരാകാശ നിലയത്തില്‍ എത്തിക്കാനുള്ള സംയുക്ത ശ്രമമാണിത്. ഇത്തരം ശ്രമങ്ങള്‍ ഭാവിയിലെ ബഹിരാകാശ യാത്രയെ ശക്തിപ്പെടുത്തുകയും ഭൂമിയിലെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും’- എക്‌സില്‍ നെല്‍സണ്‍ കുറിച്ചു. നാസ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലാണ് ഇസ്‌റോ യാത്രികര്‍ക്കു വിപുലമായ പരിശീലനം നല്‍കുക.

ബഹിരാകാശ യാത്രികര്‍ക്കു നൂതന പരിശീലനം ആരംഭിക്കുന്നതിനെപ്പറ്റി ഇന്ത്യയുടെയും യുഎസിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും ജെയ്ക് സള്ളിവനും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു ഇതിനു പിന്നാലെയാണു നാസയുടെ ഭാഗത്തുനിന്നു പരാമര്‍ശമുണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനുമായി അത്യാധുനിക ഉപഗ്രഹമായ നാസ-ഇസ്രോ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (NISAR) വിക്ഷേപിക്കാനും നടപടിയായി ഓരോ 12 ദിവസത്തിലും 2 തവണ ഭൂമിയുടെ ഉപരിതല മാപ്പ് പകര്‍ത്തുന്ന ഉപഗ്രഹമാണു തയാറാക്കുന്നത്.

Top