CMDRF

അമേരിക്കയിൽ നിന്ന് പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ; കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു

ഏകദേശം 50,000 അടി ഉയരത്തിൽ പറക്കാൻ കഴിയുന്ന ഇവയെ ഏത് കാലാവസ്ഥയിലും വിപുലമായ ദൗത്യങ്ങൾക്ക് അയക്കാൻ സാധിക്കും

അമേരിക്കയിൽ നിന്ന് പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ; കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു
അമേരിക്കയിൽ നിന്ന് പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ; കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു

ദില്ലി: അമേരിക്കയിൽ നിന്നും 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനുള്ള ഇന്ത്യയുമായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പ്രതിരോധ സേനകൾക്കായുള്ള 31 പ്രിഡേറ്റർ ഡ്രോണുകളുടെ 32,000 കോടി രൂപയുടെ കരാറാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായത്. കരാറുകൾ ബൈഡൻ ഭരണകൂടം തടഞ്ഞുവെന്ന വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതിനിടെയിലാണ് നീക്കം. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കരാർ ഒപ്പിട്ടതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.

അമേരിക്കയുടെ പക്കൽ നിന്ന് 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിന് സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) അംഗീകാരം നൽകിയിരുന്നു. മൂന്ന് സേനകൾക്കും പ്രിഡേറ്റർ ഡ്രോണുകൾ ലഭിക്കും. കരസേനയ്ക്കും വ്യോമസേനയ്ക്കും 8 വീതം ഡ്രോണുകളാണ് ലഭിക്കുക. ദക്ഷിണേന്ത്യയിൽ നാവികസേനയ്ക്ക് 15 പ്രിഡേറ്റർ ഡ്രോണുകൾ ലഭിക്കും. ചെന്നൈയ്ക്കടുത്തുള്ള ഐഎൻഎസ് രാജാലി, ഗുജറാത്തിലെ പോർബന്തർ, ഉത്തർപ്രദേശിലെ സർസാവ, ഗോരഖ്പൂർ എന്നിവയുൾപ്പെടെ സാധ്യമായ നാല് സ്ഥലങ്ങളിലാണ് ഇന്ത്യ ഈ ഡ്രോണുകൾ സ്ഥാപിക്കുക.

Also Read: ‘കാനഡയിൽ ക്രിമിനൽ പ്രവൃത്തികൾക്ക് ഇന്ത്യ പിന്തുണ നൽകുന്നെന്ന് ആവർത്തിച്ച് ജസ്റ്റിൻ ട്രൂഡോ

അമേരിക്കയിൽ നിന്ന് 31 MQ-9B സായുധ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയുടെ നിരീക്ഷണവും ആക്രമണ ശേഷിയും വർദ്ധിപ്പിക്കാൻ MQ-9B ഡ്രോണുകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മണിക്കൂറിൽ ഏകദേശം 442 കിലോ മീറ്റർ വേഗതയിൽ പറക്കാൻ ഈ ഡ്രോണുകൾക്ക് കഴിയും. ഏകദേശം 50,000 അടി ഉയരത്തിൽ പറക്കാൻ കഴിയുന്ന ഇവയെ ഏത് കാലാവസ്ഥയിലും വിപുലമായ ദൗത്യങ്ങൾക്ക് അയക്കാൻ സാധിക്കും എന്നതാണ് മറ്റൊരു സവിശേഷത.

എയർ ടു എയർ മിസൈലുകൾക്ക് പുറമെ എയർ ടു ഗ്രൗണ്ട് മിസൈലുകളും പ്രിഡേറ്റർ ഡ്രോണുകളിൽ ഘടിപ്പിക്കാൻ സാധിക്കും. നാല് മിസൈലുകളും 450 കിലോ ഭാരമുള്ള ബോംബുകളും ഉൾപ്പെടെ 1,700 കിലോഗ്രാം വരെ ചരക്ക് വഹിക്കാനും ഇവയ്ക്ക് കഴിയും. ഇതിന് 35 മണിക്കൂർ വരെ നിർത്താതെ പറക്കാൻ കഴിയുമെന്നാണ് ഡ്രോണിൻ്റെ നിർമ്മാതാക്കളായ ജനറൽ അറ്റോമിക്‌സ് എയറോനോട്ടിക്കൽ സിസ്റ്റംസ് അവകാശപ്പെടുന്നത്.

Top