പാരീസ്: ഇന്ത്യന്‍ ഹോക്കി ടീമില്‍നിന്ന് വിരമിക്കുന്ന മലയാളി ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷിനുവേണ്ടി പാരീസ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുമെന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്. തങ്ങളുടെ പാരീസ് ഒളിമ്പിക്‌സ് കാമ്പയില്‍ ശ്രീജേഷിന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഹോക്കി ഗോള്‍ക്കീപ്പര്‍മാരിലൊരാളായ ശ്രീജേഷ് പാരീസ് ഒളിമ്പിക്‌സോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമായിരുന്നു 36കാരനായ താരം.
ശ്രീജേഷിനുവേണ്ടി ടൂര്‍ണമെന്റ് ജയിക്കണമെന്ന് ടീം ആഗ്രഹിക്കുന്നു. ഒളിമ്പിക്‌സില്‍ ഒരിക്കല്‍ക്കൂടി പോഡിയത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു. ‘പാരീസ് ഒളിമ്പിക്‌സ് തീര്‍ച്ചയായും ഒരു പ്രത്യേക ടൂര്‍ണമെന്റായിരിക്കും. ടൂര്‍ണമെന്റിലെ ഞങ്ങളുടെ കാമ്പയിന്‍ ഇതിഹാസതാരം പി.ആര്‍. ശ്രീജേഷിന് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹം നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്. 2016 ജൂനിയര്‍ ലോകകപ്പില്‍ ഞങ്ങള്‍ കിരീടം നേടിയപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശം ഇപ്പോഴും ഓര്‍ക്കുന്നു.
ഞങ്ങളില്‍ പലരുടെയും അന്താരാഷ്ട്ര ഹോക്കി കരിയറിന്റെ ആരംഭമായിരുന്നു അത്. ഇത് ശ്രീജേഷിനുവേണ്ടി ജയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പോഡിയത്തില്‍ ഒരിക്കല്‍ക്കൂടി നില്‍ക്കാനും ഞങ്ങളെല്ലാവരും ആഗ്രഹിക്കുന്നു’- ഹര്‍മന്‍പ്രീത് പറഞ്ഞു. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഹര്‍മന്‍പ്രീത് പങ്കുവെച്ച ഈ പോസ്റ്റ് ‘റെസ്‌പെക്ട് മച്ചാ’ എന്ന വാക്കുകളോടെയാണ് അവസാനിക്കുന്നത്. ശ്രീജേഷിനൊപ്പമുള്ള ചിത്രവും പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ജൂലായ് 27-ന് ന്യൂസീലന്‍ഡിനെതിരെയാണ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ആദ്യമത്സരം.