ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നാല് സ്വർണം

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നാല് സ്വർണം
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നാല് സ്വർണം

ന്യൂഡല്‍ഹി: ജോര്‍ദാനില്‍ നടക്കുന്ന അണ്ടര്‍-17 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ വനിതാ താരങ്ങള്‍. 73 കിലോഗ്രാം, 65 കിലോഗ്രാം, 57 കിലോഗ്രാം, 43 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് മെഡലുകള്‍. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെയായി രണ്ട് വെങ്കല മെഡലുകള്‍ ഉള്‍പ്പെടെ ആറ് മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിച്ചത്.

വനിതകളുടെ 73 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ മന്‍സി ലാതര്‍, 65 കിലോഗ്രാം വിഭാഗത്തില്‍ പുല്‍കിത്, 57 കിലോഗ്രാം വിഭാഗത്തില്‍ നേഹ സങ്‌വാന്‍, 43 കിലോഗ്രാം വിഭാഗത്തില്‍ അതിഥി കുമാരി എന്നിവരാണ് സ്വര്‍ണ മെഡല്‍ ജേതാക്കള്‍. ഗ്രെസോ-റോമന്‍ 110 കിലോഗ്രാം വിഭാഗത്തില്‍ റോനക് ദഹിയ, 51 കിലോഗ്രാം വിഭാഗത്തില്‍ സായ്‌നാഥ് പര്‍ധി എന്നിവര്‍ക്കാണ് വെങ്കലം ലഭിച്ചത്.

ജോര്‍ദാനിലെ അമ്മാനില്‍ പ്രിന്‍സസ് സുമയ്യ ബിന്‍ത് അല്‍ ഹസന്‍ അരിനയിലാണ് മത്സരം. ഓഗസ്റ്റ് 19-ന് ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് 25 ഞായറാഴ്ച വരെ തുടരും. 30 ഇനങ്ങളില്‍ 29 ഇനങ്ങളിലും ഇന്ത്യ മത്സരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഒരു ഗോള്‍ഡും ഏഴ് വെള്ളിയും മൂന്ന് വെങ്കലവുമായി ആകെ 11 മെഡലുകളാണ് നേടാനായിരുന്നത്.

Top