CMDRF

ഇന്ത്യ-സിംബാബ്‍വെ: പേസര്‍ തുഷാര്‍ ദേഷ്‍പാണ്ഡെ ഇന്ന് അരങ്ങേറും

ഇന്ത്യ-സിംബാബ്‍വെ: പേസര്‍ തുഷാര്‍ ദേഷ്‍പാണ്ഡെ ഇന്ന് അരങ്ങേറും
ഇന്ത്യ-സിംബാബ്‍വെ: പേസര്‍ തുഷാര്‍ ദേഷ്‍പാണ്ഡെ ഇന്ന് അരങ്ങേറും

ഹരാരെ: പേസര്‍ തുഷാര്‍ ദേഷ്പാണ്ഡെ ട്വന്റി20യില്‍ ഇന്ത്യക്കായി ഇന്ന് അരങ്ങേറ്റം കുറിക്കും. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് തുഷാര്‍.

അതേസമയം, നാലാം ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ ബാറ്റിങ്ങിനു വിട്ടു. നായകന്‍ ശുഭ്മന്‍ ഗില്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നില്‍ രണ്ടെണ്ണം ജയിച്ച ഇന്ത്യ ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വി പാഠമാക്കി തുടര്‍ന്നുള്ള രണ്ടിലും ഗംഭീര പ്രകടനമാണ് ഇന്ത്യന്‍ യുവതാരങ്ങള്‍ തുടരുന്നത്. രണ്ടുകളിയിലും മോശം പ്രകടനവുമായി നിറംമങ്ങിയ ഗില്ലിന്റെ തിരിച്ചുവരവ് ശുഭപ്രതീക്ഷയാണ്. സെഞ്ചൂറിയന്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ടും ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ സ്ഥിരതയും ടീമിന് കരുത്ത് നല്‍കും.

എതിരാളികളെ വാഴാന്‍ വിടാത്ത മികച്ച ബൗളിങ് നിരയും കഴിഞ്ഞ രണ്ടുകളിക്കുശേഷം ഇന്ത്യ ടീമിനൊപ്പം ചേര്‍ന്ന വിക്കറ്റ് കീപ്പര്‍ മലയാളിയായ ബാറ്റര്‍ സഞ്ജു സാംസണിന്റെ സാന്നിധ്യവും വളരെയെളുപ്പത്തില്‍ പരമ്പര പിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജദേജയുടെ ഒഴിവ് നികത്തുന്ന പകരക്കാരനായാണ് വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ കാണുന്നത്.

അത് ശരിവെക്കുന്ന പ്രകടനമാണ് മത്സരങ്ങളിലുടനീളം കാഴ്ചവെക്കുന്നതും. കഴിഞ്ഞ മത്സരത്തില്‍ ടീമിനൊപ്പം ചേര്‍ന്ന സഞ്ജു അഞ്ചാമനായിട്ടാണ് ഇറങ്ങിയത്. പുറത്താകാതെ 7 പന്തില്‍ 12 റണ്‍സാണ് നേട്ടം. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വിലപ്പെട്ട പ്രകടനവുമായി ഭാവി ടീമില്‍ സ്ഥിരസാന്നിധ്യങ്ങളാകാനുള്ള അവസരമാണ് ദുബെക്കും സാംസണിനും. തുടര്‍മത്സരത്തിലും ഗൂഗ്‌ളി സ്‌പെഷലിസ്റ്റ് രവി ബിഷ്‌ണോയിയെ നിലനിര്‍ത്തിയേക്കും.

ടീം ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടന്‍ സുന്ദര്‍, തുഷാര്‍ ദേഷ്പാണ്ഡെ, രവി ബിഷ്‌ണോയി, ഖലീല്‍ അഹമ്മദ്.

ടീം സിംബാബ്‌വെ: വെസ്‌ലി മാഥവരെ, റ്റഡിവനാഷെ മരുമനി, ബ്രയാന്‍ ബെന്നറ്റ്, ഡയണ്‍ മയര്‍സ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ജൊനാതന്‍ കാംബെല്‍, ഫറസ് അക്രം, ക്ലിവ് മദന്ദെ (വിക്കറ്റ് കീപ്പര്‍), റിച്ചഡ് എന്‍ഗരാവ, ബ്ലെസിങ് മുസരബനി, റ്റെന്‍ഡായി ചറ്റാര.

Top