ശങ്കര്‍-കമല്‍ഹാസന്‍ കോംബോയില്‍ ഒരുക്കിയ ‘ഇന്ത്യന്‍’ സിനിമയുടെ സീക്വല്‍ ‘ഇന്ത്യന്‍ 2’ സമ്മിശ്ര പ്രതികരണങ്ങളുമായി മുന്നോട്ട് പോകുകയാണ്. എന്നാല്‍ ചിത്രത്തിന് ലഭിക്കുന്ന നെഗറ്റീവ് റിവ്യൂ സിനിമയെ വലിയ രീതിയില്‍ ബാധിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന ബോക്‌സ് ഓഫീസ് കളക്ഷനില്‍ നിന്ന് വ്യക്തമാകുന്നത്. സിനി ട്രാക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ആദ്യ വാരം ഇന്ത്യന്‍ 2 ആഗോള തലത്തില്‍ 111 കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്ന് 36.0 കോടി, കര്‍ണാടകയില്‍ നിന്ന് 7.5 കോടി, കേരളത്തില്‍ നിന്ന് 4.2 കോടി, ആന്ധ്രാ പ്രദേശില്‍ നിന്ന് 19.75 കോടി, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 5.0 കോടി എന്നിങ്ങനെയായി ഇന്ത്യയില്‍ നിന്ന് മാത്രം 72.5 കോടി ഇന്ത്യന്‍ 2 സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, ജിസിസി രാജ്യങ്ങളില്‍ നിന്ന് 38.5 കോടിയും സ്വന്തമാക്കിയിട്ടുണ്ട്.
പ്രതീക്ഷിച്ചതു പോലൊരു തുടക്കമായിരുന്നില്ല ഇന്ത്യന്‍ 2 റിലീസ് ദിവസം ലഭിച്ചത്. കമല്‍ ഹാസന്‍, ശങ്കര്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ഭൂരിഭാഗത്തിനെയും നിരാശപ്പെടുത്തിയത് തന്നെയായിരുന്നു അതിന് കാരണം. 26 കോടി മാത്രമാണ് ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ഓപ്പണിങ് ഡേ കളക്ഷന്‍. എന്നാല്‍ പതിഞ്ഞ താളത്തില്‍ ചിത്രം നേട്ടമുണ്ടാക്കുന്നത് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്.
1996-ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘ഇന്ത്യന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജയിന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഭാഗമായിരിക്കുന്നത്.