CMDRF

ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളുടെ നാസയിലെ പരിശീലനം ആഗസ്റ്റിൽ

ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളുടെ നാസയിലെ പരിശീലനം ആഗസ്റ്റിൽ
ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളുടെ നാസയിലെ പരിശീലനം ആഗസ്റ്റിൽ

ഡൽഹി: ഇന്ത്യയിലെ ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം ആഗസ്റ്റിൽ ടെക്സാസിലെ നാസയുടെ ജോൺസൺ സ്പേസ് സെൻററിൽ ആരംഭിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ സ്ഥാപനമായ ഐ.എസ്.ആർ.ഒ. രണ്ട് ബഹിരാകാശ സഞ്ചാരികളാണ് പരിശീലനത്തിനായി നാസയിലേക്ക് പോകുന്നത്. 2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) പരിശീലനം നൽകുമെന്ന് പ്രഖ്യാപിച്ചത്.

നേരത്തെ, മോസ്‌കോയിലെ യൂറി ഗഗാറിൻ കോസ്‌മോനട്ട് ട്രെയിനിങ് സെൻററിൽ രണ്ട് ബഹിരാകാശ സഞ്ചാരികൾ പ്രാഥമിക പരിശീലനം നേടിയിരുന്നു. ഇവരിൽ ഒരാൾക്കാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പരിശീലനം ലഭിക്കുക. അമേരിക്കൻ സ്വകാര്യ ബഹിരാകാശ സ്ഥാപനങ്ങളായ സ്പേസ് എക്സും ആക്സിയവും ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ സഹായിക്കുമെന്നും 2024 അവസാനത്തോടെ ദൗത്യം പൂർത്തിയാക്കുമെന്നുമാണ് റിപ്പോർട്ട്.

ഇന്ത്യ-യു.സ് ദൗത്യത്തിലൂടെ പുതിയ സാങ്കേതികവിദ്യകൾ കരസ്ഥമാക്കാൻ ബഹിരാകാശ സഞ്ചാരികൾക്ക് സാധിക്കുമെന്ന് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. ശിവൻ വ്യക്തമാക്കി. ബഹിരാകാശത്ത് ആളുകളെ എത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാന് ഈ പരിശീലനം ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹിരാകാശത്ത് ആളുകളെ എത്തിക്കുന്ന ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ 2026ൽ നടത്താനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. ഇന്ത്യൻ എയർഫോഴ്സിൽ പൈലറ്റും പാലക്കാട് സ്വദേശിയുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗത് പ്രതാപ്, വിങ് കമാൻഡർ ശുഭാംശു ശുക്ല എന്നിവരെയാണ് ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ പൗരനാണ് വ്യോമസേന വിങ് കമാൻഡറായ രാകേഷ് ശർമ. 1984ൽ ഏപ്രിൽ രണ്ടിന് റഷ്യൻ നിർമിത സോയൂസ് ടി-11 പേടകത്തിൽ ശൂന്യാകാശത്ത് എത്തിയ രാകേഷ് ശർമ, സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തിൽ എട്ട് ദിവസം ചെലവഴിച്ചു. ശൂന്യാകാശത്ത് എത്തുന്ന ലോകത്തിലെ 138മത്തെ സഞ്ചാരിയാണ് അദ്ദേഹം.

Top