നാരകകുടുംബത്തിലെ ഒരു വൃക്ഷമാണ് കൂവളം. കായയിലുണ്ടാകുന്ന ദ്രാവകം പശയായും വാര്‍ണിഷ് ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടില്‍ നിന്നും മഞ്ഞ ചായം കിട്ടുന്നു. കായുടെ മാംസള ഭാഗം കുമ്മായവുമായി ചേര്‍ത്താല്‍ സിമന്റു പോലെ ഉറയ്ക്കും, ശിവക്ഷേത്രങ്ങളില്‍ അര്‍ച്ചനയ്ക്കും മാലയ്ക്കും ഇലകള്‍ ഉപയോഗിക്കുന്നു, ചിത്തിര നാളുകാരുടെ ജന്മനക്ഷത്രവൃക്ഷം ആണ്. ഏറെ ഔഷധ മൂല്യമുള്ള ഒരു വൃക്ഷമാണ് കൂവളം. ശിവന്റെ ഇഷ്ടവൃക്ഷമെന്ന രീതിയില്‍ ‘ശിവദ്രുമം’ എന്നും ഇതിനെ വിളിക്കാറുണ്ട്. കൂവളത്തിന്റെ ഇല, വേര്, ഫലം എന്നിവയ്ക്ക് ആന്റിബയോട്ടിക് ഗുണങ്ങളുണ്ടെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കഫം, വാതം, ചുമ, പ്രമേഹം, അതിസാരം എന്നിവയ്ക്കും മികച്ച ഔഷധമാണ് കൂവളം.
പ്രമേഹത്തിനും കൂവളം ഔഷധമാണ്. ഇലയുടെ നീര് 12-15 മി.ലി ഭക്ഷണത്തിനൊപ്പം കഴിക്കുകയാണ് വേണ്ടത്. വാതം, കഫം, ഛര്‍ദ്ദി, ക്ഷയം, അതിസാരം ഇവയെ ശമിപ്പിക്കുവാന്‍ അത്യുത്തമമാണ് കൂവളം. കൂവളത്തിന്റെ ഇലയുടെ ചാറെടുത്ത് എണ്ണ കാച്ചി ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദന, പഴുപ്പ് എന്നിവ മാറിക്കിട്ടുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. ഇലയുടെ എണ്ണക്ക് കുമിള്‍ ആക്രമണത്തെ ചെറുക്കാന്‍ കഴിയും.
അര്‍ബുദ ചികിത്സയില്‍ കൂവള സത്ത് പ്രയോജനപ്രദമാണന്ന് ജപ്പാനില്‍ നടത്തിയ ഗവേഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശ്വാസനാളത്തിന്റെയും ശ്വാസകോശത്തിലെയും പേശികള്‍ക്ക് അയവു വരുത്തുന്നതിനാല്‍ കൂവള സത്ത് ഉപയോഗിക്കുന്നു. വില്വാദിലേഹ്യം, വില്വാദി ഗുളിക, വില്വപത്രാതൈലം, ദശമൂലരാസായനം, ദശമൂലാരിഷ്ടം, മുസ്തകരഞ്ജാദി കഷായം, ദശമൂലകടുത്രയം കഷായം എന്നീ ആയുര്‍വേദ മരുന്നുകള്‍ കുവളം ചേര്‍ന്നവയാണ്.