കാർവാർ: ഗോവൻ തീരത്തിനു സമീപം തീപിടിച്ച ചരക്കു കപ്പലിലെ തീയണച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. മൂന്നു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് ഇന്നു പുലർച്ചെയോടെ തീയണച്ചത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലായ വിക്രം, 4 പെട്രോൾ വെസലുകൾ, ഡോർണിയർ എയർക്രാഫ്റ്റ്, ഹെലികോപ്ടർ എന്നിവയാണു രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. രണ്ടു രാത്രിയും രണ്ടു പകലും തുടർച്ചയായി വെള്ളം ഒഴിച്ചാണ് കണ്ടെയ്നറുകളിൽ പടർന്ന് തീ അണയ്ക്കാനായത്.
ഗോവയിലെ ബെതുലിൽ നിന്നുള്ള എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട് എന്ന ചരക്കുകപ്പലിനാണ് വെള്ളിയാഴ്ച ഉച്ചയോടെ തീപിടിച്ചത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ശ്രീലങ്കയിലെ കൊളംബോയിലേക്കു കണ്ടെയ്നറുകളുമായി പോകുകയായിരുന്നു ചരക്കുകപ്പൽ. ഗോവൻ തീരത്തുനിന്ന് 80 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. അപകടത്തിൽ ഒരു ഫിലിപ്പിനി സ്വദേശി മരിച്ചിരുന്നു. ചരക്കുകപ്പലിലാകെ 21 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നതെന്നാണ് നിഗമനം. കപ്പലിലെ 160 കണ്ടെയ്‌നറുകളിൽ 20 എണ്ണത്തിനാണ് തീപിടിച്ചത്. അപകടകരമായ ചരക്കുകളാണ് കപ്പലിലുണ്ടായിരുന്നത്.