പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ ട്രംപിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നത്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി യുഎസ് സെനറ്ററായ ജെ ഡി വാൻസനെയാണ് ട്രംപ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ വാന്‍സ് ആകും അടുത്ത വൈസ് പ്രസിഡന്റ്. ആരാണ് ഈ വാന്‍സ് ? ജെയിംസ് ഡേവിഡ് വാൻസ് എന്ന 39ക്കാരന് ഇന്ത്യയുമായി എന്താണ് ബന്ധം ?
ഒഹായോയിലെ സെനറ്ററായ ജെയിംസ് ഡേവിഡ് വാൻസ് സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായത്. 2016 ൽ വാൻസ് എഴുതിയ ‘ഹില്‍ബില്ലി എലജി’ എന്ന ഓര്‍മ്മക്കുറിപ്പ് അപ്പോഴത്തെ ന്യൂയോർക്ക് ടൈംസിൻ്റെ ബെസ്റ്റ് സെല്ലറായിരുന്നു. ദാരിദ്ര്യം, മയക്കുമരുന്ന് അടിമത്തം എന്നിവയൊക്കെ കൃത്യമായി വിശകലനം ചെയ്ത കുറിപ്പ് 2020-ൽ ഓസ്കാർ നോമിനേറ്റഡ് ഫീച്ചർ ഫിലിമായി മാറി. 2022 ലെ ഒഹായോയിൽ നടന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നോമിനി ടിം റയാനെയാണ് വാൻസ് പരാജയപ്പെടുത്തിയത്.
ഇന്ത്യക്കാരിയായ ഉഷ ചിലുകുരിയെയാണ് വാൻസ് വിവാഹം കഴിച്ചത്. കാലിഫോര്‍ണിയയിലെ സാന്റിയാഗോയിൽ ജനിച്ചു വളർന്ന ഉഷ ആന്ധ്രയിൽ വേരുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളാണ്. റാഞ്ചോ പെനാസ്‌ക്വിറ്റോസിലെ മൗണ്ട് കാർമൽ ഹൈസ്കൂളിലായിരുന്നു പഠനം. 2013ൽ യേൽ ലോ സ്കൂളിലെ പഠനകാലത്താണു ജീവിതപങ്കാളി ജെ.ഡി.വാൻസിനെ കണ്ടുമുട്ടിയത്. നിയമബിരുദം നേടിയതിനു പിന്നാലെ 2014ൽ ഇരുവരും വിവാഹിതരായി. ന്റെ വിജയത്തിന പിറകിലെ പ്രധാന ശക്തി ഉഷയാണെന്ന് വാന്‍സ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. യേല്‍ സ്‌കൂള്‍ കാലത്ത് കണ്ടുമുട്ടിയ ഉഷയെ ‘യേല്‍ സ്പിരിറ്റ് ഗൈഡ്’ എന്നാണ് വാന്‍സ് വിശേഷിപ്പിച്ചിരുന്നത്.
അന്നത്തെ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സർക്യൂട്ട് ജഡ്ജി ബ്രെറ്റ് കവനോവിൻ്റെയും 2017-2018 മുതൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിൻ്റെയും നിയമ ക്ലർക്ക് ആയി 2014-2015 വരെ ഉഷ സേവനമനുഷ്ഠിച്ചു. ഭർത്താവ് വാൻസിന്‍റെ രാഷ്ട്രീയ പ്രവേശനത്തിനും വളർച്ചയിലും പ്രധാന പങ്കുവഹിച്ച ആളാണ് ഉഷ. 2016, 2022 വർഷങ്ങളിലെ സെനറ്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. നേരത്തേ ഡെമോക്രാറ്റ് ആയിരുന്ന ഉഷ 2018 മുതൽ ഒഹായോയിൽ റിപ്പബ്ലിക്കൻ ആയാണു വോട്ട് ചെയ്യുന്നത്.
ട്രംപിൻ്റെ ശക്തമായ വിമർശകനായിരുന്നു വാൻസ്. ട്രംപ് പ്രസിഡന്റ് ആവാൻ യോഗ്യല്ലെന്നും വാൻസ് വിമർശിച്ചു. അമേരിക്കയുടെ ഹിറ്റ്‌ലര്‍ എന്നാണ് വാൻസ് ട്രംപിനെ വിശേഷിപ്പിച്ചത്. പക്ഷെ അധികം വൈകാതെ തന്നെ വാൻസ് ട്രംപിൻ്റെ വിശ്വസ്തനായി. ഒഹായോയിലെ മിഡിൽടൗണിൽ ജനിച്ചുവളർന്ന വാൻസ് 2003 , 2007 കാലഘട്ടത്തിൽ ആറുമാസത്തോളം യുഎസ് സൈനികനായി ഇറാഖിൽ പ്രവർത്തിച്ചിട്ടുണ്ട്.
REPORTER: ANURANJANA KRISHNA