കൊൽക്കത്ത: കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി യു.എസിലെയും കാനഡയിലെയും ഇന്ത്യൻ ഡോക്ട്ർമാർ. സംഭവത്തിൽ ഇന്ത്യൻ വംശജരായ ഡോക്ടർമാർ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. പ്രതിഷേധിക്കുന്ന ആരോഗ്യ പ്രവർത്തകരോട് ഡോക്ടർമാരുടെ പൂർവവിദ്യാർഥി സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ അവലോകനം ചെയ്യുന്നതിന് കമീഷൻ രൂപവത്കരിക്കാനും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് സംബന്ധിച്ച് വിവിധ അസോസിയേഷനുകൾ പ്രസിഡന്റ് ദ്രൗപതി മുർമുവിന് കത്തയച്ചു. മാത്രവുമല്ല, ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ ശക്തവും സമയബന്ധിതവുമായ നടപടികളും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
മെഡിക്കൽ പ്രൊഫഷനലുകൾക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിച്ചതായും ഡോക്ടർമാർ കത്തിൽ സൂചിപ്പിച്ചു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കുറ്റം ചെയ്യുന്നവർക്കെതിരെ കർശന പിഴ ഈടാക്കണം.
രാഷ്ട്രപതിക്ക് പുറമെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ്, ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, ആരോഗ്യമന്ത്രി, ദേശീയ മെഡിക്കൽ കമീഷൻ, ഇന്ത്യൻ മെഡിക്കൽ എന്നീ വകുപ്പുകൾക്കും കത്ത് അയച്ചിട്ടുണ്ട്.
അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് അലുമ്‌നി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക എന്നിങ്ങനെ 30 ലധികം സംഘടനയുടെ പ്രതിനിധികളാണ് കത്തിൽ ഒപ്പുവെച്ചത്.