മനാമ: ഇന്ത്യൻ സമൂഹം നേരിടുന്ന പരാതികൾക്കും പ്രശ്നങ്ങൾക്കും പരിഹാരം തേടികൊണ്ട് ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ ആയ വിനോദ് കെ.ജേക്കബും എംബസിയുടെ കോൺസുലാർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നടത്തിയ ഓപൺ ഹൗസിൽ 50ലധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെയും, പൊതുമരാമത്ത് മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ആഗസ്റ്റ് രണ്ടിന് എംബസി പരിസരത്ത് നടക്കാനിരിക്കുന്ന റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിനിനെക്കുറിച്ച് അംബാസഡർ വിശദീകരിച്ചു. ഡ്രൈവർമാർ,മോട്ടോർ സൈക്കിൾ യാത്രക്കാർ അടക്കമുള്ള കമ്യൂണിറ്റി അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
സെക്കൻഡ് സെക്രട്ടറി, എംബസി വെൽഫെയർ ഉദ്യോഗസ്ഥർ എന്നിവർ തടവുകാരുമായി സംവദിക്കാനായി ജയിൽ സന്ദർശിക്കുകയും,ജയിലിലുള്ള തടവുകാർക്ക് 15 സപ്പോർട്ട് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ഇസ ടൗണിലെ വനിതാ ഡിറ്റൻഷൻ സെന്ററും എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു.
മനാമ തീപിടിത്തത്തിൽ ദുരിതമനുഭവിക്കുന്ന ആറ് പേർക്ക് എംബസി വിമാന ടിക്കറ്റ് നൽകി. ബഹ്റൈനിൽനിന്ന് ഭർത്താവിനെ ഡീപോർട്ട് ചെയ്തതിനെതുടർന്ന് ഒറ്റപ്പെട്ടുപോയ സ്ത്രീക്കും അവരുടെ രണ്ട് കുട്ടികൾക്കും എംബസി വിമാന ടിക്കറ്റുകൾ നൽകി. ഓപൺ ഹൗസിൽ പങ്കെടുത്തവർ ഉന്നയിച്ച പരാതികളും പ്രശ്നങ്ങളും ഭൂരിഭാഗവും പരിഹരിക്കപ്പെട്ടു.മറ്റുള്ളവ എത്രയും വേഗം ഏറ്റെടുക്കുമെന്നും എംബസി വ്യക്തമാക്കി.