CMDRF

ബഹ്‌റൈനില്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരിയുടെ മരണം; ഏജന്റുമാരുടെ തട്ടിപ്പു മൂലമെന്ന് ആരോപണം

ബഹ്‌റൈനില്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരിയുടെ മരണം; ഏജന്റുമാരുടെ തട്ടിപ്പു മൂലമെന്ന് ആരോപണം
ബഹ്‌റൈനില്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരിയുടെ മരണം; ഏജന്റുമാരുടെ തട്ടിപ്പു മൂലമെന്ന് ആരോപണം

മനാമ: കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ ഹൗസ് മെയ്ഡ് വിസയിലുള്ള ഇന്ത്യന്‍ യുവതി മരിക്കാനിടയായത്, അവരെ ജോലിക്കായി ഇവിടെ എത്തിച്ച ഇന്ത്യന്‍ ഏജന്റുമാരുടെ തട്ടിപ്പു മൂലമാണെന്ന് ആരോപണം. പഞ്ചാബ് സ്വദേശിയായ 22കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസിലും, ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്. ഹൗസ് മെയ്ഡായി ജോലി ചെയ്തിരുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമവിരുദ്ധമായി വീട്ടുജോലിക്കായി ഇന്ത്യയില്‍നിന്ന് യുവതികളെ ഗള്‍ഫ് നാടുകളിലെത്തിക്കുന്ന സംഘങ്ങള്‍ വ്യാപകമാണെന്ന പരാതി മുമ്പും ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ നിയമമനുസരിച്ച് മുപ്പതു വയസ്സില്‍ താഴെയുള്ള സ്ത്രീകളെ ഹൗസ് മെയ്ഡ് വിസയില്‍ വിദേശത്തേക്ക് അയക്കാന്‍ പാടില്ല. എന്നാല്‍ ഇതു ലംഘിച്ചാണ് ഏജന്റുമാര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് യുവതികളെ എത്തിക്കുന്നത്. വീട്ടുജോലിക്കായി ഇങ്ങനെ എത്തുന്ന യുവതികള്‍ക്ക് ഗൃഹജോലിയിലോ കൂട്ടികളെ നോക്കുന്നതിലോ വേണ്ടത്ര വൈദഗ്ധ്യമുണ്ടാകാറില്ല. ഇത് ഇവര്‍ക്ക് ജോലി ചെയ്യുന്നയിടങ്ങളില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഈ സാഹചര്യം കണക്കാക്കിയാണ് മുപ്പതു വയസ്സെന്ന നിബന്ധന ഇത്തരം ജോലി ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. വിദേശത്ത് ജോലി തേടുന്നവര്‍ ഇമിഗ്രേഷന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയും ഇങ്ങനെ വരുന്നവര്‍ പാലിക്കുന്നില്ല.

വിസിറ്റ് വിസയില്‍ മറ്റു രാജ്യങ്ങളിലെത്തിച്ചശേഷം ഹൗസ് മെയ്ഡ് വിസ ശരിയാക്കി ബഹ്‌റൈനിലെത്തിക്കുന്ന ഏജന്റുമാരും സജീവമാണ്. ഇങ്ങനെയെത്തി ജോലി ചെയ്യുന്ന യുവതികള്‍ ബുദ്ധിമുട്ടും പ്രയാസങ്ങളും കാരണം തിരികെപ്പോകണമെന്ന് ആവശ്യപ്പെട്ടാല്‍ വന്‍ തുകയാണ് ഇതിനായി ഏജന്റുമാര്‍ ആവശ്യ പ്പെടുന്നത്. ഗോവന്‍ സ്വദേശിനിയില്‍ നിന്നും ഇങ്ങനെ പണം ആവശ്യപ്പെട്ട വിഷയത്തില്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിരുന്നു. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഏജന്റുമാര്‍ കൈക്കലാക്കുന്നതിനാല്‍ അവരുടെ നിര്‍ദേശമനുസരിക്കാനും പണം നല്‍കാനും ഇങ്ങനെയെത്തുന്ന യുവതികളും അവരുടെ കുടുംബവും നിര്‍ബന്ധിതരാകുകയാണ്. ഗോവയില്‍നിന്നും പഞ്ചാബില്‍നിന്നുമാണ് കൂടുതലായും ഹൗസ് മെയ്ഡ് വിസയില്‍ യുവതികളെ എത്തിക്കുന്നത്. ഇങ്ങനെയെത്തിച്ച യുവതികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് സാമൂഹികപ്രവര്‍ത്തകര്‍ ഇടപെട്ട് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അടുത്തിടെ മൂന്ന് പഞ്ചാബ് സ്വദേശിനികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിരുന്നു. ഹൗസ് മെയ്ഡ് വിസയില്‍ പ്രായം കുറഞ്ഞ സ്ത്രീകളെ എത്തിക്കുന്നത് ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പി.ആര്‍ ഒ ആന്‍ഡ് ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് സുധീര്‍ തിരുനിലത്ത് ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. ഹൗസ് മെയ്ഡ് വിസ കണ്ടാല്‍ ഇത്തരം മനുഷ്യക്കടത്ത് എമിഗ്രേഷന്‍ വിഭാഗം തടയേണ്ടതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

Top