ദോഹ: സൂഖ് വാഖിഫില്‍ വ്യാഴാഴ്ച ആരംഭിച്ച ഇന്ത്യന്‍ മാമ്പഴമേളയില്‍ സന്ദര്‍ശകരുടെ തിരക്ക്. ‘ഇന്ത്യന്‍ ഹംബ’ എന്ന പേരിലുള്ള മാമ്പഴമേളയില്‍ രണ്ടു ദിവസം കൊണ്ട് 20,000ത്തിലേറെ കിലോ മാമ്പഴമാണ് വിറ്റഴിഞ്ഞത്.
അവധി ദിവസമായ വെള്ളിയാഴ്ച പതിനായിരത്തോളം സന്ദര്‍ശകര്‍ ഒഴുകിയെത്തിയതോടെ വലിയ തിരക്കും അനുഭവപ്പെട്ടു. ആദ്യ ദിനമായ വ്യാഴാഴ്ച 8,500 കിലോയും രണ്ടാം ദിനം 13,000 കിലോയും മാമ്പഴങ്ങളാണ് വിറ്റഴിഞ്ഞത്. ഇന്ത്യന്‍ എംബസിയുടെയും ഐ.ബി.പി.സിയുടെയും നേതൃത്വത്തില്‍ നടക്കുന്ന മാമ്പഴ പ്രദര്‍ശന-വില്‍പനമേള ജൂണ്‍ എട്ടുവരെ നീളും.
60ലേറെ കമ്പനികളാണ് നൂറിലേറെ ഔട്ട്ലെറ്റുകളിലായി മാമ്പഴ ഉത്സവം ഒരുക്കുന്നത്. ദിവസവും നാല് മുതല്‍ ഒമ്പതു വരെയാണ് പ്രദര്‍ശനം. പ്രവാസികളായ മാമ്പഴ പ്രേമികള്‍ക്ക് പുറമെ, സ്വദേശികളും വിവിധ രാജ്യക്കാരും പ്രദര്‍ശനത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്.