ബെയ്റൂത്ത്: പശ്ചിമേഷ്യൻ രാജ്യമായ ലബനാനിൽ ഇസ്രായേല്‍-ഹിസ്ബുല്ല സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ അവിടം വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു.
ഹിസ്ബുല്ല കമാൻഡർ ഫുആദ് ഷുകൂർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എംബസിയുടെ നിർദേശം“മേഖലയിലെ സമീപകാല സംഭവവികാസങ്ങളും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്‍മാര്‍ ലെബനാനിലേക്കുള്ള യാത്ര ഒഴിവാക്കണം.
എല്ലാ ഇന്ത്യക്കാരോടും ലെബനന്‍ വിടാന്‍ കര്‍ശനമായി നിര്‍ദേശിക്കുകയും ചെയ്യുന്നു” -ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.ലെബനാനില്‍ തുടരേണ്ട സാഹചര്യമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എംബസിയുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇറാനില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്കകമായിരുന്നു ഹിസ്ബുല്ല നേതാവും കൊല്ലപ്പെട്ടത്. ഹനിയ്യയുടെ രക്തത്തിന് ഇസ്രായേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.