ഡല്‍ഹി: റെയില്‍വേ ട്രാക്കുകളുടെ സുരക്ഷാ സംവിധാനം ശക്തമാക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. റെയില്‍പ്പാതയും പരിസരവും നിരീക്ഷിക്കാന്‍ ട്രെയിനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ട്രെയിന്‍ അട്ടിമറി ശ്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.
ട്രെയിനിന്റെ എഞ്ചിന്റെയും ഗാര്‍ഡ് കോച്ചിന്റെയും മുന്‍ഭാഗങ്ങളിലും പിന്‍ഭാഗങ്ങളിലും ഇരുവശങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായുളള ടെന്‍ഡര്‍ മൂന്നുമാസത്തിനുള്ളില്‍ ക്ഷണിക്കും. എല്ലാ തീവണ്ടികളിലും ക്യാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു കോമണ്‍ ഡാറ്റാ സെന്ററും സ്ഥാപിക്കും. ഈ ക്യാമറകളിലെല്ലാം പതിഞ്ഞ വീഡിയോ ദൃശ്യങ്ങള്‍ സംരക്ഷിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
റെയില്‍വേ മന്ത്രാലയ ഉദ്യോഗസ്ഥര്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാരുമായും ചീഫ് സെക്രട്ടറിമാരുമായും സംസാരിച്ചു. ട്രാക്കുകളില്‍ ജാഗ്രത വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദേശം എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് റെയില്‍വേമന്ത്രി പറഞ്ഞു. സമീപകാലത്തുണ്ടായ ട്രെയിന്‍ അപകടങ്ങളെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രെയിന്‍ പാളം തെറ്റിക്കാന്‍ ഗൂഢാലോചന നടന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.