CMDRF

‘ജോയിയുടെ മരണത്തിന് ഉത്തരവാദി ഇന്ത്യന്‍ റെയില്‍വേ’: മന്ത്രി വി ശിവന്‍കുട്ടി

‘ജോയിയുടെ മരണത്തിന് ഉത്തരവാദി ഇന്ത്യന്‍ റെയില്‍വേ’: മന്ത്രി വി ശിവന്‍കുട്ടി
‘ജോയിയുടെ മരണത്തിന് ഉത്തരവാദി ഇന്ത്യന്‍ റെയില്‍വേ’: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ അകപ്പെട്ട ജോയിയുടെ മരണത്തിന് ഉത്തരവാദി ഇന്ത്യന്‍ റെയില്‍വേ എന്ന് മന്ത്രി വി ശിവന്‍കുട്ടി. റെയില്‍വേ ലൈനുകള്‍ക്കടിയിലൂടെയാണ് ആമയിഴഞ്ചാന്‍ തോട് കടന്നു പോകുന്നത്. റെയില്‍വേ ഒന്നും ചെയ്യാന്‍ സമ്മതിക്കില്ല. 1995-ല്‍ താന്‍ തിരുവനന്തപുരം മേയറായിരുന്നപ്പോള്‍ ശ്രമിച്ചതാണ്, അവര്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനില്‍ നിന്നുള്ള എല്ലാ മാലിന്യങ്ങളും ആമയിഴഞ്ചാന്‍ തോട്ടിലാണ് നിക്ഷേപിക്കുന്നത്. പരമാവധി നഷ്ടപരിഹാരം റെയില്‍വേ ജോയിയുടെ കുടുംബത്തിന് നല്‍കണം. മാലിന്യം നീക്കം ചെയ്യാനുള്ള നടപടി റെയില്‍വേ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മഴക്കാല പൂര്‍വ ശുചീകരണം നടന്നില്ല എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. നിയമസഭയിലെ പ്രസംഗങ്ങള്‍ ഉദ്ധരിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ സംസാരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് ബുധനാഴ്ച മന്ത്രിസഭ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മാലിന്യപ്രശ്നം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ സര്‍ക്കാര്‍ പരിഹസിക്കുകയാണ് ചെയ്തതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കുറ്റപ്പെടുത്തല്‍. സംസ്ഥാനത്തെ ആരോഗ്യരംഗം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം, ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ ഹര്‍ജി സ്വീകരിച്ചു. ഹര്‍ജി വൈകിട്ട് നാലിന് പ്രത്യേക ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 46 മണിക്കൂറിലേറെ നീണ്ട തെരച്ചില്‍ ശ്രമങ്ങള്‍ വിഫലമാക്കിയാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് ഒരു മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

കാണാതായതിന് പിന്നാലെ സമീപത്തെ തോടുകളില്‍ പരിശോധനയ്ക്കായ് നഗരസഭ ജീവനക്കാരെ നിയമിച്ചിരുന്നു. ഇവരാണ് മൃതദേഹം കണ്ടെത്തിയതെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെ ശനിയാഴ്ചയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങി ജോയിയെ തിരയുകയെന്നത് രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായിരുന്നു.

തോട്ടില്‍ ആള്‍പ്പൊക്കത്തെക്കാള്‍ ഉയരത്തില്‍ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. റെയില്‍വേ പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റര്‍ നീളത്തില്‍ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. തുടര്‍ന്ന് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു നടന്നത്. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

Top