ഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിലെന്ന് സൂചന. ട്രെയിനിന്റെ ഡിസൈന്‍ തയ്യാറാക്കുന്നത് ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ്.
നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിര്‍മിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നിര്‍ദിഷ്ട അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ജാപ്പനീസ് സാങ്കേതികവിദ്യയായ ഷിന്‍കാന്‍സെന്‍ ആണ് ഉപയോഗിക്കുന്നത്. ഷിന്‍കാന്‍സെന്‍ ഇ5 സീരീസ് ബുള്ളറ്റ് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനാവും.
ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിലാണ് റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് ഇപ്പോള്‍ പൂജ്യത്തില്‍ നിന്ന് 100 കി.മീ/മണിക്കൂറിലേക്ക് 52 സെക്കന്‍ഡിനുള്ളില്‍ വേഗത കൈവരിക്കാന്‍ കഴിയും. എന്നാല്‍ നിലവിലുള്ള ബുള്ളറ്റ് ട്രെയിനുകള്‍ക്ക് ഇത് 54 സെക്കന്‍ഡിനുള്ളില്‍ കൈവരിക്കാന്‍ കഴിയുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) ആഭ്യന്തരമായി വികസിപ്പിച്ചതാണ്.
നാഷണല്‍ ഹൈ-സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുരോഗമിക്കുന്നത്. മുംബൈ – അഹമ്മദാബാദ് പാതയിലൂടെ രണ്ട് വര്‍ഷത്തിനുള്ളില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.