ശീതള പാനീയ വിപണിയിലെ ആഗോള ഭീമന്മാരായ കൊക്കകോള, പെപ്സി എന്നിവരുമായെല്ലാം ഏറ്റുമുട്ടി ഇന്ത്യയിലെ ശീതള പാനീയ വിപണി പിടിച്ചടക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ് സാക്ഷാൽ മുകേഷ് അംബാനി. 2022ൽ വെറും 22 കോടി രൂപ മുടക്കി ഏറ്റെടുത്ത കാംപ എന്ന ശീതള പാനീയ ബ്രാൻറിലൂടെയാണ് മുകേഷ് അംബാനി അങ്കത്തട്ടിലിറങ്ങിയിരിക്കുന്നത്. രുചി കൊണ്ടും, പ്രശസ്തി കൊണ്ടും വിപണിയിലെ പ്രമുഖന്മാരെ പൂട്ടാൻ വില കുത്തനെക്കുറച്ചാണ് അംബാനി രംഗത്തെത്തിയിരിക്കുന്നത്. കാംപയുടെ വില 50 ശതമാനം കുറച്ച് ഈ ഉൽസവ സീസണിൽ വിപണിയിൽ തരംഗമാകാനാണ് റിലയൻസ് പദ്ധതിയിടുന്നത്.
എതിരാളികളേക്കാൾ വളരെ കുറഞ്ഞ വിലയിൽ, വിവിധ വിലയിലുള്ള പാക്കുകളിലും രുചിയിലുമാണ് കാംപ അവതരിപ്പിച്ചിരിക്കുന്നത്. 250 മില്ലി കുപ്പികൾ 10 രൂപയ്ക്ക് ആണ് കാംപ വിൽക്കുന്നത്. അതേസമയം കൊക്കകോളയും പെപ്സികോയും ഇതേ അളവിലുള്ള കുപ്പികൾ 20 രൂപയ്ക്കാണ് വിൽക്കുന്നത്. കൂടാതെ, കാംപ 500 മില്ലി കുപ്പികൾ 20 രൂപയ്ക്ക് വിൽക്കുന്നു. അതേസമയം 30 രൂപയ്ക്കോ, 40 രൂപയ്ക്കോ ആണ് കൊക്കകോളയും പെപ്സിയും ഇതേ കുപ്പികൾ വിൽക്കുന്നത്.
രാജ്യത്തെ ശീതളപാനീയ വിപണിയുടെ വളർച്ചയാണ് വിപണിയിൽ സജീവമാകുന്നതിന് റിലയൻസിനെ പ്രേരിപ്പിക്കുന്നത്. ശീതളപാനീയ വിപണി കഴിഞ്ഞ സാമ്പത്തിക വർഷം 41% വളർച്ചയാണ് നേടിയത്. കൊക്ക-കോള ഇന്ത്യയുടെ 2023 സാമ്പത്തിക വർഷത്തിലെ ലാഭം 722.44 കോടി രൂപയാണ് . ഇത് മുൻവർഷത്തെ അപേക്ഷിച്ച് 57.2% അധികമാണ്.
1970-80 കാലഘട്ടത്തിൽ ദി ഗ്രേറ്റ് ഇന്ത്യൻ ടേസ്റ്റ് എന്ന ടാഗ് ലൈനോടെ ഇന്ത്യയിൽ തരംഗമായ ബ്രാൻഡാണ് കാംപ. 1970 ൽ ആരംഭിച്ച കാംപ കോള 1990-കളുടെ അവസാനത്തിലുണ്ടായ കൊക്കകോള, പെപ്സികോ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ കടന്നുവരവോടെ പ്രതിസന്ധിയിലായി, 2000 ആയപ്പോഴേക്കും ഡൽഹിയിലെ ബോട്ടിലിംഗ് പ്ലാൻറുകൾ കമ്പനി അടച്ചുപൂട്ടി, താമസിയാതെ, കടകളിൽ നിന്നും സ്റ്റാളുകളിൽ നിന്നും പാനീയം അപ്രത്യക്ഷമായി. 2022ൽ ആണ് ന്യൂഡൽഹി ആസ്ഥാനമായുള്ള പ്യുവർ ഡ്രിങ്ക്സ് ഗ്രൂപ്പിൽ നിന്ന് 22 കോടി രൂപയ്ക്ക് റിലയൻസ് കാംപ വാങ്ങുന്നത്.