ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കയറ്റുമതിക്കാരിൽ ഒന്നാണ് ഇന്ത്യ. എന്നാൽ ഇന്ത്യൻ സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങളിൽ ഏകദേശം 12% സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്തുവന്നു. മെയ് മുതൽ ജൂലൈ ആദ്യം വരെ പരിശോധിച്ച 4,054 സാമ്പിളുകളിൽ 474 എന്നതിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി.
സുഗന്ധവ്യഞ്ജന മിശ്രിതങ്ങളിൽ എഥിലീൻ ഓക്സൈഡിൻ്റെ (EtO) സാന്നിധ്യം ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത നാല് സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങളുടെ വിൽപ്പന ഹോങ്കോങ് നിരോധിച്ചിരുന്നു. ഇതേ തുടർന്ന് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ഉത്പന്നങ്ങളുടെ സാമ്പിളുകൾ പരിശോധിക്കുകയായിരുന്നു. എം.ഡി.എച്ച്, എവറസ്റ്റ് എന്ന ബ്രാന്റുകളുടെ ഉത്പന്നമാണ് പരിശോധിച്ചത്.
എഥിലീൻ ഓക്സൈഡ് സ്തനാർബുദം ഉൾപ്പടെ മാരകമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.മെയ് മാസത്തിൽ എം.ഡി.എച്ച്, എവറസ്റ്റ് എന്നിവ വിൽക്കുന്ന പൊടിച്ച സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി, ഉപഭോഗം, വിൽപ്പന എന്നിവ നേപ്പാൾ നിരോധിച്ചിരുന്നു. എം.ഡി.എച്ച്, എവറസ്റ്റ് എന്ന ബ്രാന്റുകളുടെ ഉത്പന്നങ്ങളിൽ കീടനാശിനി കലർന്നതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങൾക്കും യു.കെ ഗുണനിലവാര നിയന്ത്രണ നടപടികൾ ഏർപ്പെടുത്തിയിരുന്നു.
പിന്നാലെ തന്നെ ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . റിപ്പോർട്ടിൽ ഉദ്ധരിച്ച സിയോൺ മാർക്കറ്റ് റിസർച്ച് ഡാറ്റ പ്രകാരം 2022 ൽ ഇന്ത്യയുടെ ആഭ്യന്തര സുഗന്ധവ്യഞ്ജന വിപണിയുടെ മൂല്യം 10.44 ബില്യൺ ഡോളറായിരുന്നു. 2024 മാർച്ചിലെ കണക്കുകൾ പ്രകാരം രാജ്യം 4.46 ബില്യൺ ഡോളർ സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധവ്യഞ്ജന ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്.