CMDRF

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ഡല്‍ഹി: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. ടി20-യില്‍ സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. ഏകദിനത്തില്‍ രോഹിത് ശര്‍മതന്നെ നയിക്കും.

സഞ്ജു സാംസണ്‍ ടി20 പരമ്പരയില്‍ ഉള്‍പ്പെട്ടു. വിരാട് കോലി, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഏകദിനത്തിലുണ്ട്. റിയാന്‍ പരാഗ് ഏകദിനത്തിലും ടി20യിലും ഉള്‍പ്പെട്ടപ്പോള്‍ സിംബാബ്‌വെയ്‌ക്കെതിരേ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മക്ക് ടീമില്‍ ഇടം കിട്ടിയില്ല.

ഹാര്‍ദിക് പാണ്ഡ്യക്ക് പകരമായാണ്‌ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായി നിശ്ചയിച്ചത്. രോഹിത് ക്യാപ്റ്റനായിരുന്നപ്പോള്‍ ഹാര്‍ദിക്കായിരുന്നു വൈസ് ക്യാപ്റ്റന്‍. രോഹിത് ഇല്ലാതിരുന്ന സമയങ്ങളിലും ഹാര്‍ദിക് തന്നെയായിരുന്നു ടീമിനെ നയിച്ചത്. പക്ഷേ, രോഹിത് ശര്‍മ വിരമിച്ചതോടെ സൂര്യകുമാറിനെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയായിരുന്നു.

സൂര്യകുമാര്‍ മുന്‍പ് ഏഴ് ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. അവയില്‍ അഞ്ചിലും ഇന്ത്യ വിജയിക്കുകയും വ്യക്തിഗത സ്‌കോര്‍ 300 റണ്‍സ് നേടുകയും ചെയ്തു. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെയാണിത്. ക്യാപ്റ്റനായിരുന്നപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സൂര്യകുമാറിനെ ക്യാപ്റ്റന്‍സിയിലേക്ക്‌ തിരഞ്ഞെടുത്തത്.

അതേസമയം വൈസ് ക്യാപ്റ്റനായും ഹാര്‍ദിക് ഇല്ല. ശുഭ്മാന്‍ ഗില്ലാണ് ഏകദിനത്തിലും ടി20യിലും വൈസ് ക്യാപ്റ്റന്‍. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്ന ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമമനുവദിച്ചു. സിംബാബ്‌വെയ്‌ക്കെതിരേ രണ്ട് മത്സരങ്ങളില്‍നിന്ന് 24 റണ്‍സ് മാത്രം നേടിയ റിയാന്‍ പരാഗിനെ ടി20, ഏകദിന ടീമുകളില്‍ ഉള്‍പ്പെടുത്തി. ബി.സി.സി.ഐ.യുടെ കരാറില്‍ ഉള്‍പ്പെടാതിരുന്ന ശ്രേയസ് അയ്യര്‍ ഏകദിനത്തില്‍ മടങ്ങിയെത്തി.

അതേസമയം ഇഷാന്‍ കിഷനെ പരിഗണിച്ചില്ല. ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട കുല്‍ദീപ് യാദവിന് ഏകദിനത്തില്‍ മാത്രമാണ് അവസരം കിട്ടിയത്. സിംബാബ്‌വെയ്‌ക്കെതിരേ മികച്ച പ്രകടനം നടത്തിയ അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചില്ല.ശ്രീലങ്കയ്‌ക്കെതിരേ മൂന്നുവീതം ടി20യും ഏകദിനവുമാണ് ഇന്ത്യക്കുള്ളത്.

ജൂലായ് 27-നാണ് ആദ്യ ടി20 മത്സരം. 28, 30 തീയതികളില്‍ ശേഷിച്ച മത്സരങ്ങള്‍ നടക്കും. വൈകീട്ട് ഏഴിനാണ് മൂന്ന് മത്സരങ്ങളും. ഓഗസ്റ്റ് രണ്ടിന് ഏകദിന പരമ്പര ആരംഭിക്കും. നാലിന് രണ്ടാമത്തെയും ഏഴിന് അവസാനത്തെയും ഏകദിനം നടക്കും. ഉച്ചയ്ക്ക് 2.30-നാണ് മത്സരങ്ങള്‍. ടി20 മത്സരങ്ങള്‍ പല്ലകലെയിലും ഏകദിനങ്ങള്‍ കൊളംബോയിലും നടക്കും.

Top