ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ തൽകാലം നീക്കമില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സ്ഥിതി നിരീക്ഷിക്കുകയാണെന്നും രക്ഷാ ദൗത്യത്തിന് ഇപ്പോൾ നീക്കമില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് അറിയിച്ചത്. സംഘർഷം വ്യാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിൽ കടുത്ത ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സമാധാന ശ്രമങ്ങളുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറാണ്. ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കണമെന്നും വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.
നേരത്തെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളായാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേന തയാറെന്ന് വ്യോമസേന മേധാവി എയർ മാർഷൽ എ പി സിംഗ് അറിയിച്ചിരുന്നു. ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സർക്കാരിന്റെ അന്തിമതീരുമാനം അനുസരിച്ച് നടപടികൾ കൈകൊള്ളുമെന്നും എയർ മാർഷൽ എ പി സിങ് വ്യക്തമാക്കിയിട്ടുണ്ട്. മിസൈൽ ആക്രമണം അടക്കം തടയാനുള്ള സാങ്കേതിക വിദ്യ രാജ്യത്തിനുണ്ടെന്നും ഇതിന്റെ എണ്ണം കൂട്ടുകയാണ് ലക്ഷ്യമെന്നും വ്യോമസേന മേധാവി വ്യക്തമാക്കിയിരുന്നു.