ടൊറൻ്റോ: ഫിഡെ കാന്‍ഡിഡേറ്റസ് ചെസ്സ് ടൂര്‍ണമെന്റില്‍ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഡി ഗുകേഷ്. 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ടൂര്‍ണമെന്റ് ചാമ്പ്യനായത്. ടൊറന്റോയില്‍ നടന്ന അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയില്‍ തളച്ചാണ് നേട്ടം.
ടൂര്‍ണമെന്റ് ജയത്തോടെ ഡി ഗുകേഷ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് 17 കാരനായ ഗുകേഷ്. 2014ല്‍ വിശ്വനാഥന് ആനന്ദിന് ശേഷം കാന്‍ഡിഡേറ്റസ് ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ഗുകേഷ്. മാഗ്നസ് കാള്‍സണും ഗാരി കാസ്പറോവും ലോക ചാമ്പ്യന്മാരാകുമ്പോള് ഇരുവര്‍ക്കും 22 വയസ്സായിരുന്നു. ചരിത്ര നേട്ടത്തില്‍ ഗുകേഷിനെ അഭിനന്ദിച്ച് വിശ്വനാഥന് ആനന്ദ് രംഗത്തെത്തി. ഗുകേഷിന്റെ നേട്ടത്തില്‍ വ്യക്തിപരമായി ഏറെ സന്തോഷമെന്ന് ആനന്ദ് ‘എക്സില്‍’ കുറിച്ചു.
ലോക ചെസ് ചാമ്പ്യന്റെ എതിരാളിയെ നിശ്ചയിക്കുന്ന മത്സരമാണ് ഫിഡെ കാന്‍ഡിഡേറ്റസ്. 2024 ലെ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായുള്ള മത്സരത്തില്‍ 17 കാരനായ ഗുകേഷ് ഡിംഗ് ലിറനെ നേരിടും.