CMDRF

ഡയമണ്ട് ലീഗ് ഫൈനല്‍; നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം

കടുത്തപോരാട്ടത്തിനൊടുവില്‍ നേരിയ വ്യത്യാസത്തിലാണ് നീരജിന് ഡയമണ്ട് ട്രോഫി നഷ്ടമായത്

ഡയമണ്ട് ലീഗ് ഫൈനല്‍; നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം
ഡയമണ്ട് ലീഗ് ഫൈനല്‍; നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം

ബ്രസല്‍സ്: ഡയമണ്ട് ലീഗ് ഫൈനലിലെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍താരം നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. കടുത്തപോരാട്ടത്തിനൊടുവില്‍ നേരിയ വ്യത്യാസത്തിലാണ് നീരജിന് ഡയമണ്ട് ട്രോഫി നഷ്ടമായത്. 87.86 മീറ്ററാണ് താരം എറിഞ്ഞത്. 87.87 മീറ്റര്‍ എറിഞ്ഞ ഗ്രനഡയുടെ അന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ഒന്നാമനായി. ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 85.97മീറ്റര്‍ കണ്ടെത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി.

86.82 മീറ്റര്‍ ദൂരമെറിഞ്ഞായിരുന്നു നീരജിന്റെ തുടക്കം. തുടര്‍ന്ന് 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പ്രകടനം. മൂന്നാം ശ്രമത്തില്‍ മികച്ച ദൂരം കണ്ടെത്തി. രണ്ടാംതവണയാണ് നീരജ് രണ്ടാംസ്ഥാനം നേടുന്നത്.

ഡയമണ്ട് ലീഗ് സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യതനേടിയ ഏഴുപേരാണ് ഫൈനലില്‍ മത്സരിച്ചത്. ദോഹ, ലൂസെയ്ന്‍ ലീഗുകളില്‍ രണ്ടാംസ്ഥാനം നേടി നാലാംസ്ഥാനക്കാരാനായാണ് നീരജ് ഫൈനലിലേക്ക് യോഗ്യതനേടിയത്. 2022-ല്‍ നീരജ് ഒന്നാംസ്ഥാനം നേടിയിരുന്നു. 2023-ല്‍ രണ്ടാമനായി.

ഇക്കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സില്‍ നീരജ് വെള്ളി നേടിയിരുന്നു. 88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് കരിയറിലെ മികച്ചദൂരം. ഹരിയാണക്കാരനായ നീരജ് ചോപ്ര ഇന്ത്യന്‍ അത്ലറ്റിക്‌സിലെ സുവര്‍ണതാരമാണ്. ഒളിമ്പിക്‌സിലും വേള്‍ഡ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണംനേടിയ ഏകതാരമാണ്.

Top