CMDRF

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ ആർ. അശ്വിൻ

ഒന്നാം ടെസ്റ്റ് കളിച്ച ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ ആർ. അശ്വിൻ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ ആർ. അശ്വിൻ

പുണെ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന പദവി ഇനി ഇന്ത്യയുടെ വെറ്ററൻ സ്പിന്നറായ അശ്വിനാണ്. ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലാണ് താരം റെക്കോർഡ് നേട്ടം സ്വന്തം പേരിലാക്കിയത്. രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് നഷ്ടമായ രണ്ടു വിക്കറ്റുകളും താരം സ്വന്തമാക്കി.

നായകൻ ടോം ലാഥമിനെയും വിൽ യങ്ങിനെയും ഔട്ടാക്കിയ താരത്തിന്റെ വിക്കറ്റ് നേട്ടം 188 ആയി. ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണിനെയാണ് (187 വിക്കറ്റുകൾ) താരം മറികടന്നത്. ഓസീസ് താരങ്ങളായ പാറ്റ് കമ്മിൻസ് (175), മിച്ചൽ സ്റ്റാർക് (147) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

Also Read: ഏഷ്യാ കപ്പ്: ഒമാനെയും വീഴ്ത്തി ഇന്ത്യയ്ക്ക് വിജയം

പുണെ എം.സി.എ സ്റ്റേഡിയത്തിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരവും അശ്വിനാണ്. 15 വിക്കറ്റുകളാണ് ഈ ഗ്രൗണ്ടിൽ താരം വീഴ്ത്തിയത്. ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച കീവീസ് മികച്ച നിലയിലാണ്. നിലവിൽ 40 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തിട്ടുണ്ട്. 71 റൺസുമായി ഡെവോൺ കോൺവെയും 20 റൺസുമായി രചിൻ രവീന്ദ്രയുമാണ് ക്രീസിലുള്ളത്.

ഒന്നാം ടെസ്റ്റ് കളിച്ച ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. കെ.എൽ. രാഹുൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്കു പകരം ശുഭ്മൻ ഗിൽ, വാഷിങ്ടൻ സുന്ദർ, ആകാശ്ദീപ് സിങ് എന്നിവർ ടീമിലെത്തി. ന്യൂസീലൻഡ് നിരയിൽ ഒരു മാറ്റമുണ്ട്. പരുക്കിന്റെ പിടിയിലായ മാറ്റ് ഹെൻറിക്ക് പകരം മിച്ചൽ സാന്റ്നർ പ്ലെയിങ് ഇലവനിലെത്തി.

Top