ഡൽഹി: ഇന്ത്യയിലെ വോട്ടെണ്ണൽ യന്ത്രങ്ങളെക്കുറിച്ചുള്ള സ്പേസ് എക്സ് മേധാവിയായ എലോൺ മസ്കിന്റെ ട്വീറ്റിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ വോട്ടെണ്ണൽ യന്ത്രങ്ങൾ ആരെയും പരിശോധിക്കാൻ അനുവദിക്കാത്ത ‘ബ്ലാക്ക് ബോക്സുകളാ’ണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. എൻഡിഎയുടെ മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാ എം.പി രവീന്ദ്ര വയ്ക്കറുടെ ബന്ധുവിനെ ഇ.വി.എം അൺലോക്ക് ചെയ്യാൻ കഴിയുന്ന ഫോൺ ഉപയോഗിച്ചതിന് പോലീസ് പിടികൂടിയെന്ന മാധ്യമവാർത്ത പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. ഇവിഎമ്മുകളുടെ വിശ്വാസ്യത സംബന്ധിച്ച് ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്കിൻറെയും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിൻറെയും ട്വീറ്റുകളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിൻറെ പ്രതികരണം.
‘ഇന്ത്യയിലെ ഇ.വി.എം ഒരു ബ്ലാക് ബോക്സ് ആണ്. അവ സൂക്ഷ്മമായി പരിശോധിക്കാൻ ആരെയും അനുവദിക്കുന്നില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നുവരുന്നു. സർക്കാർ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വം ഇല്ലാതാകുമ്പോൾ ജനാധിപത്യം വഞ്ചിക്കപ്പെടുന്നു’, രാഹുൽ എക്സിൽ കുറിച്ചു.
വോട്ടെണ്ണൽ യന്ത്രങ്ങളിൽ സംശയമുയർത്തി ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക് രംഗത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റും ചർച്ചയാകുന്നത്. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നായിരുന്നു ഇലോൺ മസ്ക് എക്സ് പ്ലാറ്റ്ഫോമിൽ അഭിപ്രായപ്പെട്ടത്. എന്നാൽ, മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ് വെയറുകൾ ഉണ്ടാക്കാൻ സാധിക്കില്ലെന്ന് കരുതുന്നത് തെറ്റാണ്. സാധാരണ കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന അമേരിക്കയുടേയും അല്ലെങ്കിൽ മറ്റിടങ്ങളിലേയും ഇലോൺ മസ്കിന്റെ കാഴ്ചപ്പാട് ശരിയായിരിക്കാം. എന്നാൽ, ഇന്ത്യയിലെ ഇ.വി.എമ്മുകൾ സുരക്ഷിതമാണെന്നു രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.