ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ജൂലായില്‍ 7.3 ശതമാനം വര്‍ധന. ഡി.ജി.സി.എ. പുറത്തുവിട്ട കണക്കനുസരിച്ച് ജൂലായില്‍ 1.30 കോടി യാത്രക്കാരാണ് ആഭ്യന്തരവിമാനയാത്ര നടത്തിയത്. 2023 ജൂലായിലിത് 1.21 കോടിയായിരുന്നു. അതേസമയം, ജൂണിലെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി. ജൂണില്‍ 1.32 കോടി പേരായിരുന്നു രാജ്യത്ത് വിമാനയാത്ര നടത്തിയത്.
വിപണിവിഹിതത്തില്‍ ഇന്‍ഡിഗോ ബഹുദൂരം മുന്നിലാണ്. ജൂലായില്‍ 62 ശതമാനമാണ് വിപണിവിഹിതം. എയര്‍ ഇന്ത്യയുടെ വിപണിവിഹിതം 14.3 ശതമാനമായി താഴ്ന്നു. വിസ്താര 10 ശതമാനം, എ.ഐ.എക്‌സ്. കണക്ട് 4.5 ശതമാനം, സ്‌പൈസ് ജെറ്റ് 3.1 ശതമാനം, ആകാശ എയര്‍ 4.7 ശതമാനം, അലയന്‍സ് എയര്‍ 0.9 ശതമാനം എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി വിഹിതം. ടാറ്റഗ്രൂപ്പിനു കീഴിലുള്ള മൂന്നു വിമാനക്കമ്പനികള്‍ക്കുമായി ആകെവിഹിതം 28.8 ശതമാനമാണ്.
2024 ജനുവരി-ജൂലായ് കാലയളവില്‍ 9.23 കോടി പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. മുന്‍വര്‍ഷമിത് 8.82 കോടിയായിരുന്നു. 4.70 ശതമാനമാണ് വളര്‍ച്ച. ജൂലായില്‍ 1,114 പേര്‍ക്ക് വിമാനക്കമ്പനികള്‍ ബോര്‍ഡിങ് നിഷേധിച്ചു. വിമാനസര്‍വീസുകള്‍ റദ്ദാക്കിയത് 1,54,770 യാത്രക്കാരെ ബാധിച്ചിട്ടുണ്ട്.