തിരുവനന്തപുരം: കുഴല്‍പ്പണം, കള്ളപ്പണം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന പ്രധാനപ്പെട്ട പാര്‍ട്ടിയാണ് ബിജെപിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഇത്തരത്തില്‍ ബിജെപി ഉപയോഗിക്കുന്നത്. ബിജെപി ഓഫീസുകളുടെ വെളിപ്പെടുത്തല്‍ ടിവി ചാനലില്‍ കണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അറിഞ്ഞാണീ പണം വന്നത് എന്നാണ് വെളിപ്പെടുത്തല്‍. ഫലപ്രദമായി അന്വേഷണം നടക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
കള്ളപ്പണത്തിന്റെ ഒഴുക്ക് കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 3 ഇടങ്ങളിലും ഉണ്ട്. പോലീസ് അന്വേഷണം ഗവണ്‍മെന്റ് സംവിധാനത്തിന് ഭാഗമാണ്. കേസിന്റെ ഉള്ളടക്കങ്ങളിലേക്ക് പാര്‍ട്ടി പോയിട്ടില്ല. മൂന്നര കോടി രൂപ ചാക്കില്‍ കെട്ടി കൊടുത്താല്‍ ആരാണ് തട്ടാത്തതെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു. ഇ ഡി അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് ബിജെപിയോടും ഗവണ്‍മെന്റിനോടും ചോദിക്കണം. സിപിഎമ്മിന് സതീഷിനെ വിലക്കെടുക്കേണ്ട കാര്യമില്ല. മൂന്നരക്കോടി രൂപ കൈകാര്യം ചെയ്യാന്‍ അവകാശമുള്ള, ഓഫീസില്‍ സര്‍വ്വസ്വാതന്ത്ര്യം ഉള്ള ഒരാളാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.