ടെക്സസ്∙: വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കുകയും അതുപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നുള്ള കേസിൽ മലയാളി ന്യായാധിപൻ അമേരിക്കയിൽ അറസ്റ്റിൽ. ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജാണ് അറസ്റ്റിലായ മലയാളി.
2022ൽ നടന്ന കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പിൽ എതിരാളിയായ ട്രെവർ നെൽസിനെ പരാജയപ്പെടുത്താനായി ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കുകയും അതിലൂടെ വംശീയവും വിദ്വേഷപരവുമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെന്നുമുള്ള കുറ്റമാണ് ജോർജിനെതിരെ ചുമത്തിയത്.
Also Read: ഷി ചിൻപിങ്ങിനെ വിമർശിച്ചു; ശാസ്ത്രജ്ഞനെ കാണാനില്ല
സഹായിയായി മറ്റൊരു ഇന്ത്യക്കാരൻ
അന്റോണിയോ സ്കേലിവാഗ് എന്ന പേരിലുള്ള വ്യാജ അക്കൗണ്ടിൽനിന്നാണ് എതിർ സ്ഥാനാർഥിക്കെതിരെ പ്രതി നിരന്തരം അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായിരുന്ന ജോർജ്, റിപ്പബ്ലിക്കൻ എതിരാളിയായ ട്രെവർ നെൽസിനെ 52 ശതമാനം വോട്ടിന് പരാജയപ്പെടുത്തിയിരുന്നു. അതേസമയം ജോർജിന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫായ മറ്റൊരു ഇന്ത്യക്കാരൻ തരൽ പട്ടേലാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അതോടൊപ്പം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യേണ്ട ഓരോ കാര്യങ്ങളെക്കുറിച്ചും തരലും ജോർജും തമ്മിൽ കൃത്യമായ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
Also Read: ആക്രമണം തുടർന്ന് ഇസ്രയേൽ; കരയുദ്ധത്തിന് ഒരുങ്ങുന്നതായി സൂചന
അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജോർജിനെ 1000 ഡോളറിന്റെ ജാമ്യത്തിൽ വിട്ടയച്ചു. തനിക്കെതിരെയുള്ള ഈ നടപടിയിൽ നിരാശയുണ്ടെന്നും എല്ലാ സത്യങ്ങളും കോടതിയെ അറിയിക്കുമ്പോൾ തനിക്ക് നീതി ലഭിക്കുമെന്നും കെ.പി.ജോർജ് ഫെയ്സ്ബുക്കിൽ പ്രതികരിച്ചു. തന്റെ രാജി പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കൊക്കാത്തോടാണ് കെ.പി.ജോർജിന്റെ സ്വദേശം. യുഎസിലേക്ക് കുടിയേറിയത് 1993ലാണ്.