വിവരചോര്‍ച്ച ; അന്വേഷണം ആരംഭിച്ചതായി ബോട്ട് അറിയിച്ചു

വിവരചോര്‍ച്ച ; അന്വേഷണം ആരംഭിച്ചതായി ബോട്ട് അറിയിച്ചു
വിവരചോര്‍ച്ച ; അന്വേഷണം ആരംഭിച്ചതായി ബോട്ട് അറിയിച്ചു

മുംബൈ: ഇന്ത്യന്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ ബോട്ട് വിവരചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ബോട്ടിന്റെ 75 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫോബ്‌സ് ഇന്ത്യ അറിയിച്ചിരുന്നു. ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് തങ്ങള്‍ ഉയര്‍ന്ന പരിഗണന നല്‍കുന്നുണ്ടെന്നും വിവര ചോര്‍ച്ച കാരണം ഉപഭോക്താക്കള്‍ പ്രയാസപ്പെടാതിരിക്കാന്‍ തങ്ങള്‍ക്കാവുന്നതെല്ലാം ചെയ്യുമെന്നും ബോട്ട് പറഞ്ഞു.

അതേസമയം, വിവര ചോര്‍ച്ച സംഭവിച്ചതായി കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഉപഭോക്താക്കളുടെ പേര്, മേല്‍വിലാസം, ഇമെയില്‍, ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും അവ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്കുണ്ടെന്നും ഫോബ്‌സ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായി ഇരകളെ കണ്ടെത്താനും അനാവശ്യ ഓണ്‍ലൈന്‍ ക്യാമ്പയിനുകള്‍ക്കുമെല്ലാം ഇത്തരം ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങളാണ് ഉപയോഗിക്കപ്പെടുന്നത്. സാമ്പത്തിക തട്ടിപ്പുകള്‍ക്കായും ഇവ കുറ്റവാളികള്‍ക്ക് പ്രയോജനപ്പെടുത്താനാവും. അമന്‍ ഗുപ്തയും സമീര്‍ മേത്തയും ചേര്‍ന്ന് 2016ല്‍ ആരംഭിച്ച ഇലക്ട്രോണിക്‌സ് ബ്രാന്‍ഡാണ് ബോട്ട്. സ്മാര്‍ട് വാച്ചുകള്‍, ഇയര്‍ഫോണുകള്‍, സ്പീക്കറുകള്‍ എന്നിവയാണ് കമ്പനി പ്രധാനമായും വില്‍പ്പന നടത്തുന്നത്.

Top