ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും കേരള സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്ന തെറ്റായ വിവരം അമിത്ഷാ സഭയെ അറിയിച്ചു എന്നതിലാണ് അമിത് ഷാക്കെതിരെ അവകാശലംഘന നോട്ടീസ്. മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ചാണ് നോട്ടീസ്. കോണ്‍ഗ്രസ് എം പി ജയറാം രമേശാണ് നോട്ടീസ് നല്‍കിയത്. കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും കേരള സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്നായിരുന്നു സഭയെ അറിയിച്ചത്. പ്രസ്താവന തെറ്റാണെന്ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ് എന്ന് ജയറാം രമേശ് പറഞ്ഞു.
ജൂലൈ 31ന് രാജ്യസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് നൽകിയ മറുപടിയിൽ വയനാട് ഉരുൾപൊട്ടലിന് മുന്നോടിയായി മുന്നറിയിപ്പ് നൽകിയെന്നും കേരള സർക്കാർ അതുപയോഗപ്പെടുത്തിയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടതായി ജയറാം രമേശ് നോട്ടീസിൽ ചൂണ്ടിക്കാട്ടി. ഈ അവകാശവാദത്തിന്റെ വസ്തുത മാധ്യമങ്ങൾ പരിശോധിച്ചുവെന്ന് ചുണ്ടിക്കാട്ടിയ ജയറാം രമേശ് ’ഹിന്ദു പത്രം’ നടത്തിയ അത്തരമൊരു വസ്തുത പരിശോധനയുടെ പകർപ്പ് അവകാശ ലംഘന നോട്ടീസിനൊപ്പം വെച്ചു.
‘ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ സ്ഥാപിച്ച കേന്ദ്രത്തില്‍നിന്ന് 29ന് നല്കിയ മുന്നറിയിപ്പില്‍ പച്ച അലര്‍ട്ടാണ് നല്കിയിക്കുന്നത്. ചെറിയ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണിത്. സഭയെ ഒരു മന്ത്രിയോ എം.പിയോ തെറ്റിദ്ധരിപ്പിക്കുന്നത് സഭയോടുള്ള അവകാശലംഘനവും നിന്ദയുമാണ്. ഇത്തരമൊരു സാഹചര്യത്തിൽ അമിത് ഷാക്കെതിരെ അവകാശ ലംഘന നടപടിക്ക് തുടക്കമിടണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു’.