പാലക്കാട്: നഗരത്തിലെ ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയത് തിരക്കഥയുടെ ഭാഗമായെന്ന് ഷാഫി പറമ്പിൽ. മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളുടെ മുറിയിലും പരിശോധന നടത്തിയിരുന്നു. അത് എന്തുകൊണ്ട് ചർച്ചയായില്ല എന്നും ഷാഫി ചോദിച്ചു. ഒന്നും പറയാന്‍ ഇല്ലാത്തവരുടെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു പരിശോധനയെന്ന് ഷാഫി കുറ്റപ്പെടുത്തി.
സ്ത്രീകളുടെ മുറിയിലേക്ക് വനിതാ പൊലീസ് ഇല്ലാതെയാണ് പോലീസ് പരിശോധനക്ക് വന്നത്. അവര്‍ എന്ത് ധൈര്യത്തിലാണ് മുറി തുറക്കേണ്ടത്. സ്ത്രീകളുടെ മുറിയില്‍ കയറിയതിനെതിരെ രാഷ്ട്രീയം മാറ്റിവെച്ച് ശക്തമായി പ്രതിഷേധിക്കുമെന്ന് ഷാഫി കൂട്ടിച്ചേർത്തു. പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി.
Also Read: ‘എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നത്?’; മന്ത്രി എംബി രാജേഷ്
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ താമസിക്കുന്ന മുറികളില്‍ പുലര്‍ച്ചെയാണ് പൊലീസ് റെയ്ഡ് നടത്തിയത്. ആകെ 42 മുറികളുണ്ടായിരുന്ന ഹോട്ടലിൽ രാഷ്ട്രീയ നേതാക്കള്‍ താമസിക്കുന്ന മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഹോട്ടല്‍ കെട്ടിടം മുഴുവന്‍ പരിശോധിക്കണമെന്നായിരുന്നു എല്‍ഡിഎഫിന്‌റെയും എന്‍ഡിഎയുടെയും നിർദേശം. സംഭവത്തില്‍ ഹോട്ടലില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയതിന് ഹോട്ടല്‍ മാനേജ്‌മെന്‌റ് പരാതി നൽകിയിട്ടുണ്ട്.