പുതിയ പരസ്യ രീതി പരീക്ഷിക്കാനുള്ള നീക്കവുമായി ഇന്‍സ്റ്റഗ്രാം. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങള്‍ കാണിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ഭാഗമായി ചെയ്യുന്നത്. ആഡ് ബ്രേക്സ് എന്ന പേരിലാണ് ഇതറിയപ്പെടുക. നിലവില്‍ ചുരുക്കം ചിലരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് പരീക്ഷിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ചില ഉപഭോക്താക്കളാണ് സോഷ്യല്‍മീഡിയയിലൂടെ ഇത്തരത്തിലുള്ള പരീക്ഷണം നടക്കുന്നുണ്ടെന്ന വിവരം കൈമാറിയത്. മൂന്ന് മുതല്‍ അഞ്ച് സെക്കന്റ് വരെയുള്ള സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങളാണ് കാണുക. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെയാണ് ഇവ കാണാറുള്ളത്.
പരസ്യങ്ങള്‍ കാണിക്കുന്ന പുതിയ രീതിയാണ് ആഡ് ബ്രേക്കുകള്‍. ഇത് വന്നാല്‍ ചിലപ്പോള്‍ ബ്രൗസ് ചെയ്യുന്നതിന് മുമ്പ് തന്നെ പരസ്യങ്ങള്‍ കാണേണ്ടി വന്നേക്കുമെന്നാണ് ഇതെക്കുറിച്ച് പുറത്തുവന്ന കുറിപ്പില്‍ പറയുന്നത്. പരസ്യത്തിലെ ഇന്‍ഫോ ബട്ടനില്‍ ക്ലിക്ക് ചെയ്ത ഉപഭോക്താവിന്റെതാണ് ശ്രദ്ധേയമാകുന്ന ഈ കുറിപ്പ്. ഉപഭോക്താക്കള്‍ക്ക് ഇത്തരമൊരു പരസ്യ രീതി ശല്യമാകുമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ അഭിപ്രായം തേടാനാകാം ഇപ്പോള്‍ ഇത് പരീക്ഷിക്കുന്നതെന്ന അഭ്യൂഹവുമുണ്ട്.
സൗജന്യമായി യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് സ്‌കിപ്പ് ചെയ്യാനാകാത്ത തരത്തില്‍ പരസ്യങ്ങള്‍ കാണിക്കാറുണ്ട്. അതില്‍ ചില വീഡിയോകള്‍ക്ക് ഒരു മിനിറ്റിലേറെ ദൈര്‍ഘ്യവുമുണ്ടാവാറുണ്ട്. യൂട്യൂബ് പ്രീമിയം വരിക്കാരായാല്‍ ഈ പരസ്യങ്ങളൊന്നും കാണേണ്ടി വരില്ല. ഇതിന് സമാനമായി ആകും ഇന്‍സ്റ്റാഗ്രാമില്‍ പെയ്ഡ്, സൗജന്യ സബ്‌സ്‌ക്രിപ്ഷനുകള്‍ അവതരിപ്പിക്കുക. ഇതിനെ കുറിച്ച് മെറ്റ ഇതു വരെ പ്രതികരിച്ചിട്ടില്ല.