കല്‍പ്പറ്റ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ഉരുള്‍പ്പൊട്ടല്‍ ബാധിച്ചവരുടെ ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം നല്‍കണമെന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. എല്‍ഐസി, നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷുറന്‍സ്, ഓറിയെന്റല്‍ ഇന്‍ഷൂറസ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് അടക്കം കമ്പനികള്‍ക്കാണ് നിര്‍ദ്ദേശം.
ഇതനുസരിച്ച് കമ്പനികള്‍ ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ വിതരണം ചെയ്യാന്‍ ഡോക്യുമെന്റേഷനില്‍ സമഗ്രമായ ഇളവ് വരുത്തി. എത്രയും വേഗത്തില്‍ പോളിസി ഉടമകളെ ബന്ധപ്പെടുവാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നടപടികള്‍ ആരംഭിച്ചു. ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കി വേഗത്തില്‍ പണം നല്‍കുന്നുവെന്ന് ഉറപ്പുവരുത്തും.