ഫ്‌ലോറിഡ: ലീഗ്‌സ് കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍ മയാമി പ്രീക്വാര്‍ട്ടറില്‍. ടൊറന്റോ എഫ് സിയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മയാമി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. പരിക്കിന്റെ പിടിയിലുള്ള സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്നും കളിച്ചില്ല. മത്സരത്തിന്റെ ഭൂരിഭാഗം സമയവും 10 താരങ്ങളുമായാണ് മയാമി കളിച്ചത്.
മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതല്‍ ഇന്റര്‍ മയാമി ടൊറന്റോയുടെ ഗോള്‍മുഖത്തേയ്ക്ക് എത്തി. മൂന്നാം മിനിറ്റില്‍ മാത്തിയാസ് റോജസ് ആണ് ആദ്യ ഗോള്‍ നേടിയത്. ജോര്‍ഡി ആല്‍ബയായിരുന്നു അസിസ്റ്റ് നല്‍കിയത്. 11-ാം മിനിറ്റില്‍ മയാമി വീണ്ടും ലീഡ് ഉയര്‍ത്തി. ജോര്‍ഡി ആല്‍ബയുടെ അസിസ്റ്റില്‍ ഡീഗോ ഗോമസാണ് ഗോള്‍ നേടിയത്. 15-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ടൊറന്റോ ഒരു ഗോള്‍ തിരിച്ചടിച്ചു. ലോറെന്‍സോ ഇന്‍സൈന്‍ ആണ് വലകുലുക്കിയത്. എന്നാല്‍ അധികം വൈകാതെ മയാമി ലീഡ് ഉയര്‍ത്തി. വീണ്ടും ജോര്‍ഡി ആല്‍ബയുടെ അസിസ്റ്റില്‍ ലൂയിസ് സുവാരസ് ആണ് ഗോള്‍ നേടിയത്.
27-ാം മിനിറ്റില്‍ ഡേവിഡ് മാര്‍ട്ടിനെസ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ മയാമി നിര 10 പേരായി ചുരുങ്ങി. പിന്നാലെ 41-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലോറെന്‍സോ ഇന്‍സൈന്‍ വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 3-2 എന്നായി. രണ്ടാം പകുതിയില്‍ 59-ാം മിനിറ്റില്‍ മാത്തിയാസ് റോജസ് വീണ്ടും ഗോള്‍ നേടി. ഇതോടെ മയാമിയുടെ ലീഡ് വര്‍ദ്ധിച്ചു. 79-ാം മിനിറ്റില്‍ നോഹ അലനിലൂടെ പിറന്ന സെല്‍ഫ് ഗോളില്‍ ടൊറന്റോ ഒരു ഗോള്‍ തിരിച്ചടിച്ചു. സ്‌കോര്‍ 4-3 എന്നായി. എന്നാല്‍ അവശേഷിച്ച സമയത്ത് സമനില ഗോള്‍ കണ്ടെത്താന്‍ ടൊറന്റോയ്ക്ക് കഴിഞ്ഞില്ല. ഇതോടെ ഇന്റര്‍ മയാമി പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.