ഡൽഹി: ബംഗ്ലാദേശിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന അന്താരാഷ്ട്ര കിഡ്നി റാക്കറ്റിൽ ഉൾപ്പെട്ട വനിത ഡോക്ടറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോ. വിജയകുമാരിയാണ് (50) അറസ്റ്റിലായത്. നോയിഡ ആസ്ഥാനമായ യഥാർഥ് ആശുപത്രിൽ 2022-23 വർഷത്തിൽ വിജയകുമാരി 16 അവയവദാന ശസ്ത്രക്രിയകൾ നടത്തിയെന്ന് പൊലീസ് പറഞ്ഞു.
റാക്കറ്റുമായി ബന്ധപ്പെട്ട ബംഗ്ലാദേശ് സ്വദേശികൾ ഉൾപ്പെടെ മൂന്നു പേരെ പൊലീസ് കഴിഞ്ഞ മാസം പിടികൂടിയിരുന്നു. സംഘത്തിൽപ്പെട്ട ഏക ഡോക്ടറാണ് വിജയകുമാരി. ഡൽഹിയിലെ ബംഗ്ലാദേശ് ഹൈകമീഷൻ ഓഫിസിന്റെ പേരിൽ വൃക്ക ദാതാവും സ്വീകർത്താവും തമ്മിൽ രക്തബന്ധമുണ്ടെന്ന വ്യാജ രേഖകൾ തയാറാക്കിയാണ് ബംഗ്ലാദേശിൽനിന്ന് ആളുകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നത്.
നാല് മുതൽ അഞ്ച് ലക്ഷം വരെയാണ് വൃക്ക ദാതാവിന് സംഘം നൽകിയിരുന്നത്. 25 മുതൽ 30 ലക്ഷം രൂപ ഈടാക്കിയാണ് സ്വീകർത്താവിന് നൽകുക. അപ്പോളോ ആശുപത്രിയിൽ സീനിയർ കൺസൾട്ടന്ററും കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ വിദഗ്ധയുമാണ് വിജയകുമാരി. ഇവർ തങ്ങളുടെ ആശുപത്രിയിൽ ജോലി ചെയ്തിട്ടില്ലെന്നും വിസിറ്റിങ് കൺസൾട്ടന്റ് മാത്രമാണെന്നും യഥാർഥ് ആശുപത്രി അഡീഷനൽ മെഡിക്കൽ സൂപ്രണ്ട് സുനിൽ ബലിയാൻ പറഞ്ഞു.
അവയവ മാറ്റിവെക്കലിന് ആശുപത്രി വിജയകുമാരിക്ക് രോഗികളെ നൽകിയിട്ടില്ല. അവർ കൊണ്ടുവരുന്നതാണ്. മൂന്ന് മാസത്തിനിടെ ഒരു ശസ്ത്രക്രിയയാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.മറ്റൊരു ആശുപത്രിയിൽ നടത്തിയ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വിവരം അറിഞ്ഞ ഉടൻതന്നെ വിജയകുമാരിയെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അവരുടെ പ്രവൃത്തികളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും അപ്പോളോ ആശുപത്രി അധികൃതർ വിശദീകരിച്ചു.