ദോഹ: അന്താരാഷ്ട്ര പാഡൽ ഫെഡറേഷൻ അധ്യക്ഷൻ ലൂയിജി കരാരോ ഖത്തറിന്റെ ഒളിമ്പിക്സ് ആതിഥേയത്വ സ്വപ്നങ്ങൾക്ക് പിന്തുണയുമായി എത്തി. ആഗോള കായിക ചാമ്പ്യൻഷിപ്പുകളും ടൂർണമെന്റുകളും സംഘടിപ്പിക്കുന്നതിൽ കഴിവ് തെളിയിച്ച ഖത്തറിന് 2036 ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള പ്രാപ്തിയും വിഭവങ്ങളുമുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ദോഹയിൽ തുടരുന്ന ലോക പാഡൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി എത്തിയതാണ് അദ്ദേഹം.
മേഖലയിൽ പാഡലിനെ വളർത്തിക്കൊണ്ടുവരുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഖത്തറിന്റെ ശ്രമങ്ങളെ പ്രത്യേകിച്ച് ഖത്തർ ടെന്നിസ്, സ്ക്വാഷ്, പാഡൽ, ബാഡ്മിന്റൺ ഫെഡറേഷന്റെ ശ്രമങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
ALSO READ: അജ്മാനില്‍ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു
2021ൽ ഖത്തർ ലോക പാഡൽ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചത് ഒരു വഴിത്തിരിവായെന്നും, ഈ കായിക ഇനത്തെ കൂടുതൽ പ്രഫഷനലായ ആഗോള ഗെയിമാക്കി മാറ്റുന്നതിൽ ഇത് സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉടൻ തന്നെ പാഡൽ ഒരു ഒളിമ്പിക് കായിക ഇനമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രത്യാശ പ്രകടിപ്പിച്ച കരാരോ, അതിനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.