ഓട്ടവ: കാനഡയിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് പ്രോഗ്രാമും താല്‍ക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമും ദുരുപയോഗം ചെയ്തതായി ഡെപ്യൂട്ടി പ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ്. കാനഡയിലെ കുറഞ്ഞ വേതനമുള്ള താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് നീങ്ങുന്നതിനിടെയാണ് ഫ്രീലാന്‍ഡിന്റെ പരാമർശം.
ഈ വര്‍ഷമാദ്യം കാനഡയിലേക്ക് വരാവുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ഗവണ്‍മെന്റ് പരിധി കല്പിച്ചിരുന്നു. കുടിയേറ്റക്കാരെ പുതിയ കാനഡക്കാരായാണ് കാണുന്നതെന്നും അവര്‍ക്ക് നൽകുന്ന സംഭാവനകളെ ദുരുപയോഗം ചെയ്യുന്നതായ പ്രവണത ശ്രദ്ധയിൽപ്പെട്ടതായും ഫ്രീലാന്‍ഡ് പറഞ്ഞു. ചില സ്ഥാപനങ്ങള്‍ അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
Also Read: കാനഡയിലെ കാട്ടുതീ: ആഗോളതലത്തില്‍ കാര്‍ബണ്‍ ബഹിർഗമനം കൂടിയതായി റിപ്പോർട്ട്
രാജ്യാന്തര വിദ്യാര്‍ത്ഥി പരിധി ഈ വര്‍ഷം ഏകദേശം 364,000 അംഗീകൃത സ്റ്റഡി പെര്‍മിറ്റുകളായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023നെ അപേക്ഷിച്ച് 35 ശതമാനം കുറവാണിത്. അടുത്ത കാലത്തായി താല്‍ക്കാലിക വിദേശ തൊഴിലാളി പദ്ധതി വര്‍ധിക്കുന്നുണ്ടെങ്കിലും തൊഴിലാളികളെ ദുരുപയോഗത്തിന് ഇരയാക്കുന്നതിനാല്‍ ഇത് വിമര്‍ശന വിധേയമാണ്. എംപ്ലോയ്മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് കാനഡയുടെ കണക്കുകള്‍ പ്രകാരം 2016 മുതല്‍ താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം ഇരട്ടിയിലധികമാണ്.
കോവിഡ് സൃഷ്ടിച്ച സാഹചര്യങ്ങളില്‍ നിന്ന് പ്രോഗ്രാമിലെ സ്ഥിതി മാറിയതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തൊഴിലില്ലായ്മ ആറ് ശതമാനമോ അതില്‍ കൂടുതലോ ആണെങ്കില്‍ താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ അപേക്ഷകള്‍ പരിഗണിക്കപ്പെടില്ല. ജോലി ആവശ്യമുള്ള കാനഡക്കാരുണ്ടെങ്കില്‍ അവര്‍ക്കാണ് അത്തരം ജോലികള്‍ ലഭ്യമാകുക.
സെപ്തംബര്‍ 26 മുതല്‍, തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനമോ അതില്‍ കൂടുതലോ ഉള്ള പ്രദേശങ്ങളിലെ കുറഞ്ഞ വേതനമുള്ള താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ക്കുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ നിരസിക്കും. എംപ്ലോയ്മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് അനുസരിച്ച് തൊഴിലുടമകള്‍ക്ക് താല്‍ക്കാലിക ഫോറിന്‍ വര്‍ക്കര്‍ (ടിഎഫ്ഡബ്ല്യു) പ്രോഗ്രാമിന്റെ കുറഞ്ഞ വേതന സ്ട്രീമില്‍ നിന്ന് വരുന്ന 10 ശതമാനം ജീവനക്കാരുടെ പരിധിയും പരമാവധി തൊഴില്‍ കാലയളവ് രണ്ട് വര്‍ഷത്തില്‍ നിന്ന് ഒന്നായി കുറയ്ക്കുകയും ചെയ്യും.