ബംഗ്ലാദേശില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു ; വിദ്യാര്‍ഥി പ്രതിഷേധം ആളിക്കത്തുന്നു

ബംഗ്ലാദേശില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു ; വിദ്യാര്‍ഥി പ്രതിഷേധം ആളിക്കത്തുന്നു
ബംഗ്ലാദേശില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു ; വിദ്യാര്‍ഥി പ്രതിഷേധം ആളിക്കത്തുന്നു

ധാക്ക: വിദ്യാര്‍ഥി പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ബംഗ്ലാദേശില്‍ ഇന്റര്‍നെറ്റ് രാജ്യവ്യാപകമായി റദ്ദാക്കി. പ്രക്ഷോഭത്തില്‍ ഇതുവരെ 9 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യവ്യാപകമായി മൊബൈല്‍ ഇന്റര്‍നെറ്റ് നെറ്റ്‌വർക്ക് റദ്ദാക്കാന്‍ ഉത്തരവിട്ടതായി രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ സഹമന്ത്രി പറഞ്ഞു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടു. അടിയന്തര സഹായം ആവശ്യമുണ്ടെങ്കില്‍ ഹൈക്കമ്മീഷനില്‍ നിന്നോ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളില്‍ നിന്നോ സഹായം തേടാനും എംബസി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

1971 ലെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണത്തിനെതിരെയാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ ഒമ്പത് പേര്‍ മരിച്ചു. തലസ്ഥാനമായ ധാക്കയിലും തെക്കുകിഴക്കന്‍ നഗരമായ ചാട്ടോഗ്രാമിലും വടക്കന്‍ നഗരമായ രംഗ്പൂരിലുമാണ് അക്രമമുണ്ടായത്. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ വിദ്യാര്‍ത്ഥികളാണ്. സംവരണം വിവേചനപരമാണെന്നും മെറിറ്റ് അധിഷ്ഠിത സംവിധാനം കൊണ്ടുവരണമെന്നുമാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം. അന്ന് പോരാട്ടത്തിന് നേതൃത്വം നല്‍കിയ, നിലവില്‍ ഭരണത്തിലുള്ള അവാമി ലീഗിന്റെയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും അനുയായികള്‍ക്കാണ് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

Top