ഇംഫാല്‍: മണിപ്പൂരില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചു. ആറ് ദിവസത്തിന് ശേഷമാണ് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചത്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു മണിപ്പൂരില്‍ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്.മൊബൈല്‍ ഡേറ്റാപാക്ക്, ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ ഉള്‍പ്പെടെയാണ് പുനഃസ്ഥാപിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ നാളെ മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
സെപ്റ്റംബര്‍ പത്തിനായിരുന്നു തൗബാല്‍, ബിഷ്നുപുര്‍, കിഴക്കന്‍ ഇംഫാല്‍, പടിഞ്ഞാറന്‍ ഇംഫാല്‍, കാക്ചിംഗ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോകളും അടക്കം പങ്കുവെയ്ക്കുന്നത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ രണ്ടായിരം സിആര്‍പിഎഫ് ജവാന്മാരെക്കൂടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്ത് എത്തിച്ചു. അന്‍പത്തിയെട്ടാം ബറ്റാലിയന്‍ തെലങ്കാനയില്‍ നിന്നും 112-ാം ബറ്റാലിയന്‍ ജാര്‍ഖണ്ഡില്‍ നിന്നും മണിപ്പൂരിലേക്ക് യാത്ര തിരിച്ചു.
മണിപ്പൂരില്‍ പതിനാറ് മാസം നീണ്ടുനില്‍ക്കുന്ന വംശീയകലാപത്തിന് അറുതിവേണമെന്നാവശ്യപ്പെട്ട് ഇംഫാലില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. പൊലീസ് ഇടപെട്ടതോടെ പ്രതിഷേധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കാന്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.