എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം; വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയ്ക്ക് ചുമതല

സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെ ഉടന്‍ തീരുമാനിക്കുമെന്നാണ് വിവരം

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം; വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയ്ക്ക് ചുമതല
എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം; വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയ്ക്ക് ചുമതല

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെ ഉടന്‍ തീരുമാനിക്കുമെന്നാണ് വിവരം. അന്വേഷണ സംഘത്തില്‍ എഡിജിപിയേക്കാള്‍ ഉയര്‍ന്ന റാങ്ക് ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് മാത്രമാണുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബ് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് ഡിജിപിയുടെ ശുപാര്‍ശയില്‍ ആഭ്യന്തര വകുപ്പ് എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് ഇന്ന് വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയ്ക്ക് കൈമാറുമെന്നാണ് വിവരം. അന്വേഷണ സംഘത്തേയും ഇന്ന് തന്നെ തീരുമാനിക്കുമെന്നും സൂചനയുണ്ട്.

അനധികൃത സ്വത്തു സമ്പാദനം, കവടിയാറില്‍ പണിയുന്ന ആഢംബര ബംഗ്ലാവ് ഉള്‍പ്പെടെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച അഞ്ച് വിഷയങ്ങളിലാണ് എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് സംഘം അന്വേഷിക്കുക. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പുറമേ എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ വിഷയത്തില്‍ നിലപാട് കടുപ്പിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ഇതോടെയാണ് അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് പരിഗണനയ്ക്കെടുത്തത്.

Top