CMDRF

ഐ ഫോണുകള്‍ക്കായുള്ള IOS 18 അപ്‌ഡേറ്റ്

ഐഒഎസ് 18 ലെ മുഖ്യ ആകര്‍ഷണം ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ്

ഐ ഫോണുകള്‍ക്കായുള്ള IOS 18 അപ്‌ഡേറ്റ്
ഐ ഫോണുകള്‍ക്കായുള്ള IOS 18 അപ്‌ഡേറ്റ്

ഫോണുകള്‍ക്ക് വേണ്ടിയുള്ള ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് അപ്‌ഡേറ്റ് ഇന്ന് സെപ്റ്റംബര്‍ 16 ന് പുറത്തിറക്കും. ഐഫോണുകളില്‍ ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് പുതിയ ഐഒഎസ് 18 എത്തുന്നത്. ഐഫോണുകളിലെ ഹോം സ്‌ക്രീനിലും ലോക്ക്‌സക്രീനിലും പുതിയ കസ്റ്റമൈസേഷന്‍, ഹോം സ്‌ക്രീനില്‍ ആപ്പുകള്‍ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള സൗകര്യം, ആപ്പ് ഐക്കണുകളുടെ നിറവും രൂപവും മാറ്റാനുള്ള സൗകര്യം എന്നിവയ്‌ക്കൊപ്പം പുതിയ ഡിസൈനിലുള്ള കണ്‍ട്രോള്‍ സെന്ററും പുതിയ പാസ് വേഡ് മാനേജ്‌മെന്റ് ആപ്പും ഐഒഎസ് 18 ല്‍ എത്തും.

ഇതിനെല്ലാം പുറമെ ഐഒഎസ് 18 ലെ മുഖ്യ ആകര്‍ഷണം ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ്. ചിത്രങ്ങള്‍ നിര്‍മിക്കുക, സന്ദേശങ്ങളും ഇമെയിലുകളും ഉള്‍പ്പടെയുള്ള എഴുത്തുകള്‍ കൈകാര്യം ചെയ്യുക തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളിലൂടെ സാധിക്കും.

എന്നാല്‍ ഐഒഎസ് 18 ന്റെ ആദ്യ അപ്‌ഡേറ്റില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉണ്ടാവില്ല. ഭാവിയില്‍ വരുന്ന ഒഎസ് അപ്‌ഡേറ്റുകളിലാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുക. ഒക്ടോബറില്‍ അവതരിപ്പിക്കുന്ന ഐഒഎസ് 18.1 പബ്ലിക് ബീറ്റാ അപ്‌ഡേറ്റിലാണ് ഇത് ആദ്യം വരിക. ഐഒഎസില്‍ വരുന്ന പുതിയ ഫീച്ചറുകള്‍ എന്തെല്ലാമെന്ന് പരിചയപ്പെടുത്തി കമ്പനി ഒരു പിഡിഎഫ് രേഖ പുറത്തിറക്കിയിരുന്നു. വരുന്ന വിവിധ മാസങ്ങളിലായി വരുന്ന ഒഎസ് അപ്‌ഡേറ്റുകളിലായാണ് എല്ലാഫീച്ചറുകളും ഫോണുകളില്‍ എത്തുകയെന്ന് കമ്പനി ഇതില്‍ വ്യക്തമാക്കുന്നു. അതായത് ഐഒഎസ് 18 ലെ മുഴുവന്‍ സൗകര്യങ്ങളും ആദ്യ അപ്‌ഡേറ്റില്‍ തന്നെ ലഭിക്കില്ല.

ഐഒഎസ് 18 നൊപ്പം മാക്ക്ഒഎസ് സെക്കോയ, വാച്ച് ഒഎസ് 11, വിഷന്‍ ഒഎസ് 2 എന്നിവയും സെപ്റ്റംബര്‍ 16 ന് പുറത്തിറക്കും. ടിവിഒഎസ് 18 പുറത്തിറക്കുന്ന തീയ്യതി വ്യക്തമല്ല.

Top