CMDRF

ഐഫോണ്‍ 16 ചൂടാകില്ല

ഐഫോണ്‍ 16 ചൂടാകില്ല
ഐഫോണ്‍ 16 ചൂടാകില്ല

2023ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 15 സീരീസ് വാങ്ങിയ പലരും അധികം വൈകാതെ തന്നെ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അധികമായി ചൂടാകുന്നു എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയും പരാതിപ്പെടുകയും ചെയ്തിരുന്നു. വില്‍പ്പന ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഉയര്‍ന്ന ഈ പരാതികള്‍ ആപ്പിളിനെ ഏറെ പ്രതിസന്ധിയില്‍ ആക്കി. ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഒരു ബഗാണ് എന്നാണ് ആപ്പിള്‍ വിശദീകരിച്ചത്. തുടര്‍ന്ന് അതിന് പരിഹാരം ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി പ്രശ്‌നം തീര്‍ക്കുകയും ചെയ്തു. എങ്കിലും അന്ന് നേരിട്ട അനുഭവത്തിന്റെ വെളിച്ചത്തില്‍ ബാറ്ററിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു മാറ്റം ആപ്പിള്‍ നടപ്പിലാക്കിയതായി പുതിയ റിപ്പോര്‍ട്ട്.

അതായത്, അടുത്തതായി ഇറങ്ങാന്‍ പോകുന്ന ഐഫോണ്‍ 16 സീരീസിലെ സ്മാര്‍ട്ട്‌ഫോണുകളിലെ ബാറ്ററികള്‍ ചൂടാകുന്നത് ഒഴിവാക്കാന്‍ ആപ്പിള്‍ ചില മാറ്റങ്ങള്‍ നടപ്പിലാക്കി എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. മജിന്‍ ബു എന്ന ടിപ്സ്റ്റര്‍ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഐഫോണ്‍ 16ലെ ബാറ്ററി ഐഫോണ്‍ 15ലെ ബാറ്ററിയുടെ സമാന വലിപ്പത്തിലും ആകൃതിയിലും തന്നെയാകും എത്തുക. എന്നാല്‍ മിക്ക സ്മാര്‍ട്ട്ഫോണ്‍ ബാറ്ററികളിലും കാണപ്പെടുന്ന സാധാരണ ബ്ലാക്ക് ഫോയിലിന് പകരം ഐഫോണ്‍ 16 ബാറ്ററി ലോഹത്തിലാണ് ആപ്പിള്‍ ഘടിപ്പിച്ചിരിക്കുന്നത് എന്ന് ഈ ടിപ്സ്റ്റര്‍ വെളിപ്പെടുത്തുന്നു. മെറ്റല്‍ എന്‍കേസിംഗ് ബാറ്ററിയുടെ ചൂട് നന്നായി നിയന്ത്രിക്കാനും അമിതമായി ചൂടാകുന്നത് തടയാനും സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതോടൊപ്പം ഐഫോണ്‍ 15ലെ ബാറ്ററി ശേഷിയെക്കാള്‍ അല്‍പ്പം ഉയര്‍ന്ന ബാറ്ററി ശേഷി ഐഫോണ്‍ 16ന് ഉണ്ടാകുമെന്നും ലീക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഫോണ്‍ 15-ലെ 3,367എംഎഎച്ച് ബാറ്ററിയാണ് ഉള്ളതെങ്കില്‍, ഐഫോണ്‍ 16ല്‍ 3,597എംഎഎച്ച് ആണ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 16 സീരീസ് ഈ വര്‍ഷം സെപ്റ്റംബറില്‍ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

Top